
ദില്ലി: സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാന്‍ ചൈന. ഇതുസംബന്ധിച്ച് ചൈന, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളില്‍ ധാരണയായി. ബെയ്ജിങിൽ നടന്ന മൂന്ന് രാജ്യങ്ങളുടെയും മന്ത്രിതല ചര്‍ച്ചയിലാണ് തീരുമാനം. ഇന്ത്യയുടെ എതിര്‍പ്പ് വകവെക്കാതെയാണ് ചൈനയും പാകിസ്ഥാനും സാമ്പത്തിക ഇടനാഴി അഫ്ഗാനിസ്ഥാനിലേക്ക് നീട്ടാനുള്ള തീരുമാനവുമായി മുന്നോട്ട് പോകുന്നത്.
പാകിസ്ഥാൻ ഉപ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ധര്‍, ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യി, അഫ്ഗാനിസ്ഥാൻ ആക്ടിങ് വിദേശകാര്യ മന്ത്രി അമീര്‍ ഖാൻ മുത്താഖി എന്നിവര്‍ തമ്മിലാണ് ബെയ്ജിങിൽ അനൗദ്യോഗിക യോഗം ചേര്‍ന്നത്. പാക് ഉപ പ്രധാനമന്ത്രി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ബെയ്ജിങിലെത്തിയത്.
പ്രാദേശിക സമാധാനത്തിനും സ്ഥിരതക്കും വികസനത്തിനുമായി മൂന്നു രാജ്യങ്ങളും ഒന്നിച്ച് നിൽക്കുമെന്ന് ഇഷാഖ് ധര്‍ എക്സിൽ കുറിച്ചു. പാക് അധീന കശ്മീരിലൂടെയുള്ള ചൈന- പാക് സാമ്പത്തിക ഇടനാഴിയെ(സിപിഇസി) ഇന്ത്യ ശക്തമായ എതിര്‍ക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കം.