ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷമുള്ള ഈ സന്ദർശനം, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ ശക്തികളുമായി ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നിർണായക നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ദില്ലി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി അധ്യക്ഷയുമായ ബീഗം ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പങ്കെടുക്കും. ഡിസംബർ 31-ന് ധാക്കയിൽ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരും. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീന സർക്കാർ പുറത്താക്കപ്പെട്ടതിന് ശേഷം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം വഷളായ പശ്ചാത്തലത്തിൽ, ഈ സന്ദർശനം നിർണ്ണായകമായ ഒരു നയതന്ത്ര നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
പതിറ്റാണ്ടുകളായി ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഭരണകൂടം തകർന്നതോടെ, ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ ശക്തികളുമായി ആശയവിനിമയം നടത്തേണ്ടത് ഇന്ത്യയുടെ കൂടി ആവശ്യമാണ്. ഖാലിദ സിയയുടെ മരണത്തിന് തൊട്ടുപിന്നാലെ, 17 വർഷത്തെ പ്രവാസത്തിന് ശേഷം അവരുടെ മകനും ബിഎൻപി നേതാവുമായ താരീഖ് റഹ്മാൻ രാജ്യത്തേക്ക് തിരിച്ചെത്തിയതും ശ്രദ്ധേയമാണ്.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി അധികാരത്തിൽ വരാൻ സാധ്യതയുള്ളതിനാൽ, പാർട്ടിയുമായി ഒരു പുതിയ ബന്ധം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ശ്രമമായാണ് ജയശങ്കറിന്റെ ഈ സന്ദർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബിഎൻപി നേതാവ് താരീഖ് റഹ്മാൻ അടുത്തിടെ നടത്തിയ പ്രസ്താവനകൾ ഇന്ത്യ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. "ഡൽഹിയുമല്ല, പിണ്ടിയുമല്ല , ബംഗ്ലാദേശാണ് എല്ലാറ്റിനും മുൻപ്" - എന്നതായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇന്ത്യയുടെയോ പാകിസ്ഥാന്റെയോ നിഴലിലല്ലാതെ സ്വതന്ത്രമായ ഒരു വിദേശനയം രൂപീകരിക്കുമെന്നാണ് ഇതിലൂടെ ബിഎൻപി വ്യക്തമാക്കുന്നത്. മുമ്പ് ബിഎൻപിയുമായി സഖ്യത്തിലായിരുന്ന ഇന്ത്യ വിരുദ്ധ നിലപാടുള്ള ജമാഅത്തെ ഇസ്‌ലാമിയെ റഹ്മാൻ പരസ്യമായി വിമർശിച്ചതും, 1971-ലെ യുദ്ധത്തിൽ അവർ പാകിസ്ഥാനെ പിന്തുണച്ചതിനെ ചൂണ്ടിക്കാട്ടിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്.
പ്രധാനമന്ത്രിയുടെ അനുശോചനം
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന നിലയിൽ ഖാലിദ സിയ നടത്തിയ സംഭാവനകളെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. 2015-ൽ താൻ അവരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും അദ്ദേഹം ഓർമ്മിച്ചു. ഖാലിദ സിയയുടെ വിയോഗത്തിൽ അദ്ദേഹം അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അവരുടെ ദർശനങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിന് വഴികാട്ടിയാകുമെന്ന് പ്രത്യാശിക്കുകയും ചെയ്തു. ഖാലിദ സിയയുടെ ഭരണകാലത്ത് ഇന്ത്യയുമായുള്ള ബന്ധം പലപ്പോഴും സംഘർഷഭരിതമായിരുന്നു. അക്കാലത്ത് പാകിസ്ഥാൻ അനുകൂല നിലപാടുകൾ ബിഎൻപി സ്വീകരിച്ചിരുന്നെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ ബിഎൻപിക്ക് ജമാഅത്തെ ഇസ്‌ലാമിയുമായി അത്ര നല്ല ബന്ധമല്ല ഉള്ളത്. ഇത് ഇന്ത്യയ്ക്ക് ബിഎൻപിയുമായി പുതിയൊരു നയതന്ത്ര ചർച്ചയ്ക്ക് വഴിതുറക്കുമെന്നാണ് പ്രതീക്ഷ.

