ജനരോഷത്തിന് മുന്നില്‍ മുട്ടുമടക്കി; സീറോ കൊവിഡ് നയത്തില്‍ അയവുവരുത്താന്‍ ചൈന

By Web TeamFirst Published Dec 1, 2022, 4:19 PM IST
Highlights

ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. കർശനമായ ലോക്ക്ഡൗണുകൾ, നിരന്തരമായ പരിശോധനകൾ, രോഗബാധിതരല്ലാത്ത ആളുകൾക്ക് പോലും ക്വാറന്റൈനുകൾ എന്നിവക്കെതിരെ ജനം പ്രതികരിച്ചു.

ബീജിങ്: കൊവിഡ് വ്യാപനത്തെ തുടർന്ന് ചൈനീസ് ഭരണകൂടം നടപ്പാക്കിയ സീറോ കൊവിഡ് നയത്തിൽ അയവുവരുത്തുന്നു. ലോക്ക്ഡൗൺ ശക്തമാക്കിയതിനെതിരെ ജനം തെരുവിലിറങ്ങിയതോടെയാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് സർക്കാർ നിയന്ത്രണങ്ങളിൽ അയവുവരുത്തിയത്.  ചൈനയുടെ സീറോ-കോവിഡ് നയത്തിനെതിരെ വലിയ രീതിയിൽ ജനരോഷം ഉയർന്നിരുന്നു. കർശനമായ ലോക്ക്ഡൗണുകൾ, നിരന്തരമായ പരിശോധനകൾ, രോഗബാധിതരല്ലാത്ത ആളുകൾക്ക് പോലും ക്വാറന്റൈനുകൾ എന്നിവക്കെതിരെ ജനം പ്രതികരിച്ചു.

ബീജിങ്, ഷാങ്ഹായ്, ഗ്വാങ്‌ഷോ തുടങ്ങിയ പ്രധാന ന​ഗരങ്ങളിൽ ജനം തെരുവിലിറങ്ങിയിരുന്നു. ചൈനയിൽ ഒമിക്രോൺ വേരിയന്റ് ദുർബലമായിക്കൊണ്ടിരിക്കുകയാണെന്നും വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുന്നുണ്ടെന്നും ഔദ്യോ​ഗിക വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ട് ചെയ്തു. കർശനമായ സീറോ കൊവിഡ് നയം സമ്പദ്‌വ്യവസ്ഥയെയും ദൈനംദിന ജീവിതത്തെയും തടസ്സപ്പെടുത്തുന്നതാണെന്നും വിലയിരുത്തലുണ്ട്. ലോകത്ത് മറ്റൊരിടത്തും ഇപ്പോൾ കർശനമായ കൊവിഡ് നിയന്ത്രണങ്ങളില്ല. ​

ഗ്വാങ്ഷൂവിൽ ചൊവ്വാഴ്ച രാത്രി പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. തുടർന്ന് പ്രതിഷേധങ്ങൾ മിക്ക നഗരങ്ങളിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചു. അതേസമയം, കൊവിഡ് വ്യാപിക്കുന്ന പ്രദേശങ്ങളിൽ നിയന്ത്രണങ്ങൾ തുടരും. ക്വാറന്റൈൻ കേന്ദ്രങ്ങൾക്ക് പകരം ഹോം ക്വാറന്റൈൻ അനുവദിക്കാനും തീരുമാനമായി. സിൻജിയാങ്ങിന്റെ വടക്കുപടിഞ്ഞാറൻ മേഖലയായ ഉറുംഖിയിൽ കഴിഞ്ഞയാഴ്ചയുണ്ടായ തീപിടുത്തമാണ് പ്രതിഷേധങ്ങൾക്ക് കാരണമായത്. ആപ്പിൾ നിർമാണ ഫാക്ടറിയിലെ സംഭവ വികാസങ്ങളും ജനങ്ങൾ തെരുവിലിറങ്ങാൻ കാരണമായി. പലയിടത്തും സമരക്കാരും പൊലീസും നേരിട്ട് ഏറ്റുമുട്ടുന്ന അവസ്ഥയുണ്ടായി. 

ചൈനയുടെ മുൻ പ്രസിഡന്‍റ് ജിയാങ് സെമിൻ അന്തരിച്ചു

പ്രതിഷേധം കനത്തതോടെ നഗരങ്ങളെല്ലാം പൊലീസ് നിയന്ത്രണത്തിലായിരുന്നു.  നൂറുകണക്കിന് സമരക്കാരാണ് പൊലീസിന്‍റെ പിടിയിലായത്. ബീജിങ്ങും ഷാങ്ഹായയിയുമടക്കമുള്ള നഗരങ്ങളിൽ കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബാരിക്കേഡുകൾ സ്ഥാപിച്ച് പ്രതിഷേധക്കാരെത്താനിടയുള്ള വഴികളെല്ലാം അടച്ചു. സർവ്വകാലാശാലകൾ പൂട്ടി. തെരുവിൽ മാത്രമല്ല സാമൂഹ്യമാധ്യമങ്ങളിലുമുണ്ട് നിയന്ത്രണം. പിടിയിലായവരുടെ ഫോണിൽ നിന്നും പ്രതിഷേധ ദൃശ്യങ്ങൾ നീക്കം ചെയ്തു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചു. പ്രക്ഷോഭ വാർത്തകൾ നൽകരുതെന്ന് ഏജൻസികൾക്കും മാധ്യമങ്ങൾക്കും നിർദേശം നൽകി. പ്രതിഷേധ സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.

click me!