
ബീജിങ്: ചൈന തങ്ങളുടെ മിസൈൽ ഉത്പാദന കേന്ദ്രങ്ങൾ 2020 മുതൽ വൻതോതിൽ വികസിപ്പിക്കാൻ തുടങ്ങിയതായി റിപ്പോര്‍ട്ട്. യു എസ് സൈന്യത്തെ പ്രതിരോധിക്കാനും മേഖലയിലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാനുമുള്ള ചൈനയുടെ തന്ത്രപരമായ നീക്കമാണിതെന്നും സി എൻ എൻ. പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെയും ഔദ്യോഗിക രേഖകളുടെയും വിശകലന റിപ്പോർട്ടിൽ പറയു്നു.
പ്രസിഡൻ്റ് ഷി ജിൻപിങ് 2012-ൽ അധികാരത്തിൽ വന്നതുമുതൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ 'ലോകോത്തര' നിലവാരത്തിലേക്ക് ഉയർത്താൻ കോടിക്കണക്കിന് ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. ഈ വിപുലീകരണത്തിൻ്റെ പ്രധാന കേന്ദ്രം, ചൈനയുടെ ആണവ ശേഖരം കൈകാര്യം ചെയ്യുന്ന പി എൽ എ റോക്കറ്റ് ഫോഴ്സ് (PLARF) ആണ്. തന്ത്രപരമായ പ്രതിരോധത്തിൻ്റെ നെടുംതൂണാണ് ഈ സേനയെന്ന് ഷി ജിൻപിങ് വിശേഷിപ്പിച്ചിരുന്നു. മിസൈൽ ഉത്പാദനവുമായി ബന്ധമുള്ള 136 കേന്ദ്രങ്ങളിൽ 60 ശതമാനത്തിലധികം സൈറ്റുകളിലും വൻതോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതായാണ് റിപ്പോര്‍ട്ട്.
2020-ൻ്റെ തുടക്കം മുതൽ 2025 അവസാനത്തോടെ, ഈ കേന്ദ്രങ്ങളിൽ 20 ലക്ഷം ചതുരശ്ര മീറ്ററിലധികം പുതിയ നിർമ്മിത ഇടങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. ആയുധ വികസനത്തിനായി പുതിയ ടവറുകൾ, ബങ്കറുകൾ, ഹാങ്ങറുകൾ എന്നിവയാണ് ഉപഗ്രഹ ചിത്രങ്ങളിൽ പ്രധാനമായും കാണുന്നത്. ഇവയെല്ലാം ലക്ഷ്യമിടുന്നത് ഗ്രാമീണ മേഖലകളെ അതിവേഗം സൈനിക വ്യാവസായിക കേന്ദ്രങ്ങളാക്കി മാറ്റാനാണ്. ഹ്രസ്വദൂര, ഹൈപ്പർസോണിക്, ആണവശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളുടെ (ICBMs) ഉത്പാദന ശേഷി കുത്തനെ വർദ്ധിപ്പിക്കാനും ചൈന ലക്ഷ്യമിടുന്നു.
ചൈനയുടെ ഈ നീക്കം ആഗോളതലത്തിൽ പുതിയ ആയുധമത്സരത്തിന് തുടക്കമിടുന്നതായി വിദഗ്ധർ വിലയിരുത്തുന്നു. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ വില്യം ആൽബെർക് ഈ സംഭവവികാസത്തെ ഒരു പുതിയ ആയുധമത്സരത്തിൻ്റെ പ്രാരംഭ ഘട്ടമായിട്ടാണ് വിലിയിരുത്തുന്നത്. 2023 മുതൽ ചൈന തങ്ങളുടെ ആണവായുധ ശേഖരം, പ്രതിവർഷം ഏകദേശം 100 വാർഹെഡുകൾ എന്ന നിരക്കിൽ മറ്റ് രാജ്യങ്ങളേക്കാൾ വേഗത്തിലാണ് വർദ്ധിപ്പിക്കുന്നത്. എന്നാൽ യുഎസ്, റഷ്യൻ ശേഖരത്തെ അപേക്ഷിച്ച് ചൈനയുടെ ആകെ ശേഖരം ഇപ്പോഴും വളരെ പിന്നിലാണ്.
പുതുതായി വികസിപ്പിച്ച ഈ കേന്ദ്രങ്ങളിൽ ഉത്പാദിപ്പിക്കുന്ന മിസൈലുകൾ, തായ്‌വാനെ ലക്ഷ്യം വെച്ചുള്ള ചൈനയുടെ സൈനിക തന്ത്രത്തിലെ (PLA) പ്രധാന ഘടകമായാണ് വിദഗ്ധർ കാണുന്നത്. ഒരു യുദ്ധമുണ്ടായാൽ, യുഎസ് നാവികസേനയെ ഉൾക്കടലിൽ നിന്ന് അകറ്റി നിർത്താൻ ലക്ഷ്യമിട്ടുള്ള 'ആൻ്റി-ആക്സസ് ഡെനിയൽ ബബിൾ'എന്ന തന്ത്രത്തിന് ഈ മിസൈലുകൾ നിർണ്ണായകമാണ് വിദഗ്ധര്‍ പറയുന്നു. തായ്‌വാനിലേക്ക് സൈനിക പിന്തുണ എത്തിക്കുന്ന എയർപോർട്ടുകളും തുറമുഖങ്ങളും തകർക്കുക എന്നതാണ് ഈ തന്ത്രം ലക്ഷ്യമിടുന്നത്.
ഇന്ത്യയുമായുള്ള ബന്ധം വഷളാകാൻ സാധ്യത
ചൈന തങ്ങളുടെ മിസൈൽ നിർമ്മാണ കേന്ദ്രങ്ങൾ വൻതോതിൽ വികസിപ്പിക്കുന്ന സാഹചര്യത്തിൽ, ഈ സൈനിക നീക്കം ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുമായുള്ള ഭൗമരാഷ്ട്രീയ ബന്ധം കൂടുതൽ വഷളാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഈ സംഭവവികാസം മേഖലയിൽ ഒരു പുതിയ ആയുധമത്സരത്തിന് തുടക്കമിട്ടേക്കാമെന്ന മുന്നറിയിപ്പും ഉണ്ട്. പസഫിക് ഫോറം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അനലിസ്റ്റ് വില്യം ആൽബെർക് ചൂണ്ടിക്കാട്ടിയതുപോലെ, ചൈന ഒരു ആഗോള വൻശക്തിയായി സ്വയം സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ചൈനയുടെ വർദ്ധിച്ചുവരുന്ന ഈ മിസൈൽ ശേഷി അമേരിക്ക, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യയുമായുള്ള ബന്ധത്തിലും സങ്കീർണ്ണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്. പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചൈന നടത്തുന്ന ഈ വൻ നിക്ഷേപം, മേഖലയിലെ മറ്റ് രാജ്യങ്ങളെയും സമാനമായ ആയുധ വർദ്ധനവിന് പ്രേരിപ്പിക്കാൻ സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.