
വാഷിംഗ്ടൺ: അമേരിക്കൻ സൈനിക താവളത്തിലെത്തിയ സംശയകരമായ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധിപ്പേർക്ക് ശാരീരികാസ്വാസ്ഥ്യം. എയർ ഫോഴ്സ് വണ്ണിന്റെ ബേസിലേക്കാണ് സംശയകരമായ പാക്കറ്റ് എത്തിയത്. പാക്കറ്റ് സംശയകരമായതിനാൽ എല്ലാവരേയും ഒഴിപ്പിച്ച ശേഷമായിരുന്നു പാക്കറ്റ് തുറന്നത്. എന്നാൽ തുറക്കുമ്പോൾ പരിസരത്തുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെല്ലാം തന്നെ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതായാണ് മെരിലാൻഡിലെ ജോയിന്റ് ബേസ് ആൻഡ്രൂസ് വക്താവ് അറിയിച്ചിട്ടുള്ളത്. തിരിച്ചറിയാൻ സാധിക്കാത്ത വെള്ള നിറത്തിലുള്ള പൊടിയായിരുന്നു പാക്കറ്റിലുണ്ടായിരുന്നതെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അമേരിക്കൻ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനങ്ങളുടേയും അനുഗമിക്കുന്ന ജീവനക്കാരുടേയും വിമാനങ്ങളാണ് ഈ താവളത്തിലുണ്ടായിരുന്നത്. പ്രസിഡന്റ് സാധാരണ നിലയിൽ ഇവിടെ നിന്നാണ് യാത്രകൾ തുടങ്ങാറുള്ളത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ മാൽക്കം ഗ്രോ മെഡിക്കൽ സെന്ററിൽ പരിശോധനയ‌്ക്കു വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പരിശോധനയ്‌ക്കു ശേഷം വിട്ടയച്ചെന്നുമാണ് സൈനിക വക്താവ് വിശദമാക്കുന്നത്.
സംഭവത്തിന് പിന്നാലെ സൈനിക താവളത്തിലെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്രത്യേക അന്വഷണ സംഘം സൈനിക താവളത്തിൽ പരിശോധന നടത്തി. പാക്കറ്റിൽ നിന്ന് അപകടകരമായതൊന്നും കണ്ടെത്താനായില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതർ അറിയിച്ചു. സൈനിക താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam