
യുസ് വാര്‍ഷിക പ്രതിരോധ ബില്ലില്‍ തായ്‍വാന് പ്രാധാന്യം നല്‍കിയതില്‍ പ്രതിഷേധിച്ച് ചൈന 24 മണിക്കൂറിനിടെ തായ്‍വാന് ചുറ്റും 71 യുദ്ധ വിമാനങ്ങളും 7 യുദ്ധക്കപ്പലുകളും നിരത്തിയെന്ന് തായ്‍വാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തായ്‍വാന്‍ സ്വയംഭരണ പ്രദേശമെന്ന് അവകാശപ്പെടുമ്പോഴും തങ്ങളുടെ അധീനതയിലുള്ള പ്രദേശമാണ് തായ്‍വാനെന്നാണ് ചൈനയുടെ വാദം. വര്‍ഷങ്ങളായി തായ്‍വാനെ തങ്ങളുടെ വിശാല സാമ്രാജ്യത്തിന്‍റെ ഭാഗമാക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇതിന് മുമ്പും തായ്‍വാന്‍റെ ആകശപാതയിലൂടെ ചൈനീസ് യുദ്ധവിമാനങ്ങള്‍ പറന്നിരുന്നു. നേരത്തെ അമേരിക്കന്‍ സ്പൂക്കര്‍ നാന്‍സി പെല്ലോസിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഓഗസ്റ്റിൽ ഇത്തരമൊരു സൈനീകാഭ്യാസം ചൈന നടത്തിയിരുന്നു.
ഞായറാഴ്ച രാവിലെ 6 നും തിങ്കളാഴ്ച രാവിലെ 6 നും ഇടയിൽ, 47 ചൈനീസ് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്‍റെ മീഡിയൻ കടന്നുപോയി. ഇത് ഒരു അനൗദ്യോഗിക അതിർത്തിയാണെന്ന് തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം പറയുന്നു. 18 ജെ-16 യുദ്ധവിമാനങ്ങളും 11 ജെ-1 യുദ്ധവിമാനങ്ങളും 6 എസ്യു-30 യുദ്ധവിമാനങ്ങളും ഡ്രോണുകളും ഉൾപ്പെടെയുള്ള വന്‍ വ്യാമ സന്നാഹമാണ് ചൈന തായ്‍വാന് നേരെ അയച്ചത്. കര അധിഷ്ഠിത മിസൈൽ സംവിധാനങ്ങളിലൂടെയും സ്വന്തം നാവികസേനാ കപ്പലുകളിലൂടെയും ചൈനയുടെ നീക്കങ്ങൾ നിരീക്ഷിച്ചു വരുന്നതായി തായ്‌വാൻ അറിയിച്ചു.
“ഇപ്പോഴത്തെ യുഎസ്-തായ്‌വാൻ ബന്ധത്തിനും പ്രകോപനത്തിനുമുള്ള ഉറച്ച പ്രതികരണമാണിത്,” എന്നായിരുന്നു പിപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഈസ്റ്റേൺ തിയേറ്റർ കമാൻഡിന്‍റെ വക്താവ് ഷി യി ഇതിനോട് പ്രതികരിക്കവേ പറഞ്ഞത്. തായ്‌വാൻ ചുറ്റുമുള്ള സമുദ്രത്തില്‍ ചൈനീസ് സേന സംയുക്ത യുദ്ധ പട്രോളിംഗും സംയുക്ത സ്‌ട്രൈക്ക് ഡ്രില്ലുകളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രതിരോധ ചെലവ് ബില്ലില്‍ ചൈനയെ തന്ത്രപരമായ വെല്ലുവിളിയെന്നാണ് വിശേഷിപ്പിക്കുന്നത്.