
മക്കൾ എന്തെങ്കിലും ഒരു ആഗ്രഹം പറഞ്ഞാല്‍ അത് സാധിച്ചുകൊടുക്കണമെന്ന സിനിമാ ഡയലോഗ് നമ്മൾ കേട്ടിട്ടുണ്ട്. സ്വന്തം മക്കളുടെ ആഗ്രഹങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്ന അച്ഛന്മാരെയും അമ്മമാരെയും നമ്മൾ കണ്ടിട്ടുണ്ട്. ഇതും അതുപോലൊരു അച്ഛന്റെ കഥയാണ്. അമ്മയില്ലാത്ത തന്‍റെ മകളുടെ ചെറിയൊരു പരാതി പരിഹരിക്കാന്‍ ഒരച്ഛൻ ദിവസവും 900 കിലോമീറ്റർ സഞ്ചരിച്ച് തന്‍റെ ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഹൃദയസ്പര്‍ശിയായ കഥ. സംഭവം നടന്നത് വടക്കുകിഴക്കന്‍ ചൈനയില്‍ ആണ് കേട്ടോ.
വടക്കു കിഴക്കൻ ചൈനയിലെ ജിലിൻ പ്രവിശ്യയിലെ സിപ്പിംഗിലുള്ള ജിലിൻ നോർമൽ യൂണിവേഴ്‌സിറ്റിയിൽ രണ്ടാം വർഷ വിദ്യാർഥിനിയാണ് ലി ബിംഗ്ഡി. യൂണിവേഴ്സിറ്റിയിലെ കാന്‍റീന്‍ ഭക്ഷണമാണ് കഴിഞ്ഞ ഒരു വര്‍ഷമായി ലി കഴിക്കുന്നത്. എന്നാല്‍ കാന്‍റീന്‍ ഭക്ഷണം വൃത്തിഹീനമാണെന്നും വീട്ടിലെ ഭക്ഷണം വല്ലാതെ മിസ് ചെയ്യുന്നെന്നും ലി തന്‍റെ അച്ഛനോട് പരാതി പറയുക്കുകയായിരുന്നു. മകളുടെ പരാതി അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു. ഇതിന് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന ചിന്തയിലിരുന്ന അച്ഛൻ ഒടുവില്‍ ടിയാന്‍ജിനിലുള്ള ബാര്‍ബിക്യു റസ്റ്റോറന്‍റിലെ ജോലി രാജി വെച്ചു. നേരെ ഫ്രൈഡ് റൈസും നൂഡില്‍സും പാകം ചെയ്യുന്നത് പഠിക്കാനായി തെക്കന്‍ ചൈനയിലേക്ക് പോയി. തുടര്‍ന്ന് മകൾ പഠിക്കുന്ന യൂണിവേഴ്‌സിറ്റിയുടെ ഗേറ്റിന് പുറത്ത് ഒരു സ്റ്റാള്‍ വാടകക്കെടുത്തു. വീട്ടില്‍നിന്ന് 900 കിലോമീറ്റർ സഞ്ചരിച്ചാണ് ഈ അഛൻ മകളുടെ യൂണിവേഴ്സിറ്റിക്ക് സമീപം ഭക്ഷണ ശാല തുടങ്ങിയത്.
തുടക്കത്തിലെല്ലാം കടയിൽ വലിയ കച്ചവടം ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് അച്ഛന്റെ കഷ്ടപ്പാടുകള്‍ മനസിലാക്കിയ മകള്‍ ട്യൂഷനെടുത്ത് പണം കണ്ടെത്താന്‍ തുടങ്ങി. അച്ഛൻ തനിക്കായി ചെയ്യുന്ന കഷ്ടപ്പാടുകളെക്കുറിച്ച് ലി യൂണിവേഴ്സിറ്റിയുടെ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. വൃത്തിയുള്ള ഭക്ഷണമാണ് ഞങ്ങള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതെന്നും കച്ചവടം കൂട്ടാന്‍ എല്ലാവരുടെയും സഹകരണം തേടുന്നുവെന്നും ലി കുറിച്ചു. ആ പോസ്റ്റ് വലിയ രീതിയില്‍ ചര്‍ച്ചയായി.
അടുത്ത ദിവസം തന്നെ, കടയിൽ ആളുകളുടെ തിരക്ക് കൂടി, വിദ്യാർഥികളും അധ്യാപകരും നാട്ടുകാരും അദ്ദേഹത്തിന്റെ ഭക്ഷണം വാങ്ങാൻ ക്ഷമയോടെ കാത്തിരുന്നു. ചിലർ ലിയുടെ അച്ഛന്റെ കഷ്ടപ്പാടുകള്‍മനസിലാക്കി കൂടുതല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്തു.കടയിൽ തിരക്ക് കൂടിക്കൂടി വന്നതോടെ, ലി തന്റെ ഒഴിവു സമയങ്ങൾ അച്ഛനെ സഹായിക്കാൻ ചെലവഴിച്ചു. ലിയുടെ അമ്മ ഏതാനും വർഷങ്ങൾക്ക് മുമ്പ് അമ്മ രക്താർബുദം ബാധിച്ച് മരിച്ചതാണ്. അന്നുമുതല്‍ ലിയ്ക്ക് അച്ഛനും അച്ഛന് ലിയും മാത്രമാണ് ലോകം. തന്റെ മകളുടെ ഏത് ആവശ്യത്തിനും താൻ കൂടെ ഉണ്ടാവുമെന്ന് അന്നേ അച്ഛൻ ലിയ്ക്ക് കൊടുത്ത വാക്കാണ്. ആ വാക്ക് ഇപ്പോഴും കാത്ത് സൂക്ഷിക്കുകയാണ് ഈ അച്ഛൻ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam