
ബീജീംഗ്: ഒരു മാസത്തിലേറെയായി ഓഫീസിലേക്ക് എത്താതിരുന്ന വിദേശകാര്യ മന്ത്രിയെ നീക്കി ചൈന. ചൈനയുടെ വിദേശകാര്യമന്ത്രി ചിന്‍ ഗ്യാങ്ങിനെയാണ് മന്ത്രി സ്ഥാനത്ത് നിന്ന് ചൈനീസ് പ്രസിഡന്‍റ് ചൊവ്വാഴ്ച നീക്കിയത്. ചൈനീസ് രാഷ്ട്രീയത്തിലെ പുതിയ താരമായി വിലയിരുത്തിയിരുന്ന നേതാവിനെയാണ് ചൈന പുറത്താക്കിയത്. ഒരു മാസത്തോളമായി പൊതു പരിപാടികളില്‍ ചിന്‍ പങ്കെടുത്തിരുന്നില്ല. ചിന്നിന്‍റെ അസാന്നിധ്യം ദേശീയ തലത്തിലും അന്തര്‍ ദേശീയ തലത്തിലും ഏറെ ചര്‍ച്ചയായിരുന്നു. ശ്രീലങ്കന്‍ വിദേശകാര്യമന്ത്രിയുമായി ബീജിംഗില്‍ വച്ച് നടന്ന കൂടിക്കാഴ്ചയിലാണ് ചിന്‍ ഒടുവില്‍ പങ്കെടുത്തത്.
ഇതിന് പിന്നാലെയാണ് വിദേശകാര്യമന്ത്രിക്കെതിരെ ചൈന നടപടിയെടുക്കുന്നത്. ചൊവ്വാഴ്ച നടന്ന ഉന്നത തല തീരുമാനത്തിലാണ് ചിന്നിനെ നീക്കാന്‍ തീരുമാനമായതെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്. വാംഗ് യിയാണ് ചൈനയുടെ പുതിയ വിദേശ കാര്യമന്ത്രി. മന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായെങ്കിലും സ്റ്റേറ്റ് ക്യാബിനറ്റിലെ കൌണ്‍സിലര്‍ സ്ഥാനം നഷ്ടമായേക്കില്ലെന്നാണ് സൂചന. ആരോഗ്യ കാരണത്താലാണ് ചിന്നിനെ കാണാത്തതെന്നാണ് മന്ത്രാലയം വിശദമാക്കുന്നതെങ്കിലും 23 ദിവസത്തോളമായുള്ള കാണാതാകലിനെ ഈ വിശദീകരണവും ന്യായീകരിക്കുന്നില്ലെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ വിശദമാക്കുന്നത്.
സുതാര്യതക്കുറവിനേക്കുറിച്ച് വ്യാപക വിമര്‍ശനം വന്നതിന് ശേഷമാണ് ചിന്നിന്‍റെ ആരോഗ്യ സംബന്ധിയായ വിശദീകരണം വന്നതെന്നതാണ് ശ്രദ്ധേയം. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാണ് ചിന്നിന്‍റെ കാണാതാകലിന് പിന്നിലെന്നാണ് വ്യാപകമാവുന്ന പ്രചാരണം. ചൈനീസ് നേതാക്കളുടെ ആരോഗ്യ വിവരങ്ങള്‍ പുറത്തു വരുന്നതില്‍ വലിയ രഹസ്യ സ്വഭാവമാണ് ചൈന പുലര്‍ത്തുന്നത്.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളില്‍ ഏറ്റവുമൊടുവിലാണ് വാക്സിനേഷന്‍ വിവരങ്ങള്‍ ചൈനീസ് പ്രസിഡന്‍റ് വിശദമാക്കിയത്. 2022 ഡിസംബര്‍ മാസത്തിലാണ് 57കാരനായ ചിന്‍ ചൈനയുടെ ഏറ്റവും പ്രായം കുറഞ്ഞ വിദേശ കാര്യമന്ത്രിയായി നിയമിതനായത്. ഇതിന് മുന്‍പ് വ്യവസായ സാങ്കേതിക വകുപ്പ് മന്ത്രിയായിരുന്ന സിയാവോ യാക്വിംഗ് കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ കാണാതായിരുന്നു. 21 ദിവസത്തോളമാണ് ഈ കാണാതാകല്‍ നീണ്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam