
ദില്ലി: ചെങ്കടലിൽ ചൈനീസ് സൈനിക കപ്പൽ ജർമ്മൻ നിരീക്ഷണ വിമാനത്തെ ലേസർ ഉപയോഗിച്ച് ലക്ഷ്യമിട്ടതായി ജർമനിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ, ബെർലിനിലെ ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി. യെമനിലെ ഹൂതി വിമതരുടെ ഭീഷണിയിൽ നിന്ന് സിവിലിയൻ കപ്പലുകളെ സംരക്ഷിക്കുന്ന യൂറോപ്യൻ യൂണിയൻ നേതൃത്വത്തിലുള്ള ആസ്പൈഡ്സ് ദൗത്യത്തിന്റെ ഭാഗമായിരുന്നു വിമാനത്തിന്റെ നിരീക്ഷണം.
ചൈനയുടെ നടപടിയെ അംഗീകരിക്കാനാകില്ലെന്ന് ജർമ്മൻ വിദേശകാര്യ ഓഫീസ് വ്യക്തമാക്കി. ചൈനീസ് യുദ്ധക്കപ്പൽ, ഉദ്യോഗസ്ഥരെയും സുരക്ഷയെയും അപകടത്തിലാക്കുന്നുവെന്നും ജർമനി ആരോപിച്ചു. ലേസർ സംഭവത്തെത്തുടർന്ന് നിരീക്ഷണ വിമാനം ദൗത്യം നിർത്തിവച്ചു. ചൊവ്വാഴ്ച വരെ, ജർമ്മനിയുടെ ആരോപണങ്ങൾക്ക് ചൈന ഔദ്യോഗികമായി മറുപടി നൽകിയിട്ടില്ല.
ബെർലിനിലെ ചൈനീസ് എംബസിയും ചൈനയുടെ വിദേശകാര്യ മന്ത്രാലയവും മൗനം പാലിക്കുകയാണ്. ഈ മാസം ആദ്യമാണ് സംഭവമുണ്ടായത്. ചൈനീസ് യുദ്ധക്കപ്പലിൽ നിന്ന് ലേസർ നടന്നതായി ജർമ്മൻ പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. ഈ പ്രദേശത്ത് നിരവധി തവണ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ടെന്ന് എപി റിപ്പോർട്ട് ചെയ്തു. മുൻകരുതൽ എന്ന നിലയിൽ, വിമാനം ദൗത്യം നിർത്തിവച്ച് ജിബൂട്ടിയിലെ അതിന്റെ താവളത്തിൽ സുരക്ഷിതമായി ഇറക്കി.
യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിലുള്ള ആസ്പിഡസ് (ASPIDES) ദൗത്യം, ചെങ്കടൽ, ഏദൻ ഉൾക്കടൽ, ഇന്ത്യൻ മഹാസമുദ്രം എന്നിവയിലൂടെ സഞ്ചരിക്കുന്ന വാണിജ്യ, വ്യാപാര കപ്പലുകളെ സംരക്ഷിക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്നും സൈനിക ലക്ഷ്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam