
ദില്ലി: ജി20 ഉച്ചകോടി ദില്ലിയിൽ പുരോഗമിക്കെ, സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളിലൊന്നിൽ ചൈനീസ് സംഘത്തിന്റെ കൈയിലെ അസാധാരണ വലിപ്പമുള്ള ബാഗ് ഉദ്യോഗസ്ഥരെ ഏറെ നേരം കുഴക്കിയതായി റിപ്പോർട്ട്. ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൈനീസ് ടീം അംഗത്തിന്റെ ബാഗുകളുടെ അസാധാരണ വലിപ്പം ആഡംബര ഹോട്ടലായ താജ് പാലസിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ആശങ്കയുടെ തുടക്കം. ഡിപ്ലോമാറ്റിക് ബാഗേജുകളുടെ പരിശോധന സുഗമമാക്കാൻ നിർദ്ദേശം നൽകിയിരുന്നെങ്കിലും ബാഗുകളുടെ വലുപ്പം വിചിത്രമായത് സംശയം ജനിപ്പിച്ചു.
നയതന്ത്ര പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതിനാൽ കർശന പരിശോധനയൊന്നും കൂടാതെ സുരക്ഷാ ഉദ്യോഗസ്ഥർ ബാഗുകൾ അകത്തേക്ക് കടത്തിവിട്ടു. എന്നാൽ, മുറിയിലെ സ്റ്റാഫ് ബാഗുകളിൽ ചില സംശയാസ്‌പദമായ ഉപകരണങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് ചെയ്തതോടെ ആശങ്കയേറി. ഉടൻ തന്നെ മേലുദ്യോഗസ്ഥരെ വിവരമറിയിച്ചു. സ്കാനറിലൂടെ ബാഗുകൾ പരിശോധിക്കാനാണ് നിർദേശം ലഭിച്ചത്. എന്നാൽ, ബാഗ് പരിശോധിക്കാൻ അനുവദിക്കില്ലെന്ന് ചൈനീസ് സംഘാംഗം പറഞ്ഞതോടെ വീണ്ടും ആശയക്കുഴപ്പമുണ്ടായി. ബാഗ് പരിശോധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർബന്ധം പിടിച്ചു.
അതിനിടെ ബാഗ് കൈവശം വെച്ച ചൈനീസ് പ്രതിനിധി സംഘം പ്രത്യേകമായി ഇന്റർനെറ്റ് കണക്ഷൻ തേടിയെന്നറിഞ്ഞു. എന്നാൽ ഇക്കാര്യം ഹോട്ടൽ നിരസിച്ചു. ഹോട്ടലിൽ നിന്ന് ഉപകരണങ്ങൾ നീക്കം ചെയ്യാനും ഉപകരണങ്ങൾ ചൈനീസ് എംബസിയിലേക്ക് അയയ്ക്കാനും ചൈനീസ് അംഗം സമ്മതിച്ചതിന് ശേഷമാണ് 12 മണിക്കൂർ നീണ്ട നേരത്തെ ആശങ്ക പരിഹരിച്ചതെന്ന് ഹോട്ടൽ വൃത്തങ്ങൾ പറഞ്ഞു. ബ്രസീൽ പ്രസിഡന്റും ഇതേ ഹോട്ടലിലാലിയിരുന്നു താമസിച്ചിരുന്നത്.
ഉപകരണങ്ങൾ പരിശോധിക്കാനുള്ള അഭ്യർത്ഥന ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥർ എതിർത്തെങ്കിലും ഇന്ത്യൻ സുരക്ഷാ സംഘം നിലപാടിൽ ഉറച്ചുനിന്നുവെന്ന് താജ് പാലസിലെ സുരക്ഷയുടെ ഭാഗമായ വൃത്തങ്ങൾ സ്ഥിരീകരിച്ചു. മൂന്നംഗ സുരക്ഷാ സംഘം 12 മണിക്കൂറോളം മുറിക്ക് പുറത്ത് കാവൽ നിന്നു. ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥൻ അത് എംബസിയിലേക്ക് അയക്കാമെന്ന് ഉറപ്പ് നൽകി. അതേസമയം, ബാഗിലെ ഉപകരണങ്ങൾ പരിശോധിക്കാൻ അവസരം ലഭിക്കാത്തതിനാൽ ഇവ നിരീക്ഷണത്തിനായി കൊണ്ടുവന്ന സജ്ജീകരണമാണോ എന്ന് കൃത്യമായി പറയാനാകില്ലെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
സാധാരണയായി ആശയവിനിമയ ചാനലുകൾ തടസ്സപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന ജാമ്മറുകളായിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഇന്റലിജൻസ് ഉദ്യോഗസ്ഥന്റെ വിലയിരുത്തൽ. അതേസമയം, തുറന്ന് പരിശോധിക്കാൻ കഴിയാത്തതിനാൽ സ്യൂട്ട്കേസുകളുടെ ഉള്ളടക്കം ഇപ്പോഴും രഹസ്യമായി തുടരുന്നു.
ജി20 ഉച്ചകോടിക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് പ്രധാനമന്ത്രി ലി ക്വിയാങ്ങിനെ അയച്ചിരുന്നു.