
സിചുവാൻ: ഡാമിൽ മുങ്ങിമരിച്ച സുഹൃത്തിൻ്റെ മൃതദേഹം അധികൃതരെ അറിയിക്കാതെ സ്‌കൂട്ടറിൽ കയറ്റി പരേതൻ്റെ വീട്ടിലെ കിടക്കയിൽ കിടത്തിയ യുവാക്കൾക്കെതിരെ പരാതിയുമായി യുവതി. ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ സെപ്തംബർ നാലിന് നടന്ന സംഭവമാണ് ഏറെ ആഴ്ചകൾക്ക് ശേഷം മറനീക്കി പുറത്തുവന്നത്. സഹോദരൻ്റെ മരണവുമായി ബന്ധപ്പെട്ട് യുവതി നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
മരിച്ച യുവാവിനെ സെപ്തംബർ നാലിന് സുഹൃത്തായ താവോയും ഇയാളുടെ ബന്ധുവും ചേർന്ന് ഗ്രാമത്തിലെ റിസർവോയറിന് സമീപത്തേക്ക് കൊണ്ടുപോയിരുന്നു. മൂവരും ഒരു സ്‌കൂട്ടറിലാണ് ഇവിടേക്ക് പോയത്. സുഹൃത്തും ബന്ധുവും നോക്കിനിൽക്കെയാണ് 38കാരൻ അണക്കെട്ടിൽ മുങ്ങിത്താഴ്ന്നത്. ഇരുവരും ചേർന്ന് ഇയാളെ കരയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
എന്നാൽ കൂട്ടത്തിലൊരാൾ മരിച്ച സംഭവത്തിൽ തങ്ങൾ പ്രതിക്കൂട്ടിലാകുമോയെന്ന് ഭയന്ന താവോയും ബന്ധുവും ഉടൻ മരിച്ചയാളെ സ്‌കൂട്ടറിൽ കയറ്റി. മൃതദേഹം രണ്ടുപേരുടെയും നടുവിലായി വച്ച് തിരികെ വീട്ടിലേക്ക് വന്നു. ഏറ്റവും പുറകിലിരുന്നയാൾ മരിച്ചയാളുടെ കഴുത്തിൽ മുറുകെ പിടിച്ചിരുന്നു. വാഹനം ആദ്യം മരിച്ചയാളുടെ വീട്ടിലാണ് എത്തിയത്. പിന്നീട് അകത്തെ മുറിയിൽ പരേതനെ കിടത്തി. ഇയാൾ ഉറക്കത്തിലാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി പുതപ്പിച്ചു.
മൂന്ന് ദിവസത്തിന് ശേഷമാണ് മറ്റൊരിടത്ത് താമസിക്കുന്ന യുവാവിൻ്റെ ബന്ധുക്കൾ ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരും മൃതദേഹവുമായി സ്‌കൂട്ടറിൽ പോകുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ സഹോദരി കണ്ടെത്തി. എന്നാൽ റിസർവോയറിൽ യുവാവ് മുങ്ങിമരിച്ചെന്നാണ് സുഹൃത്തുക്കളുടെ മൊഴി. യുവാവിനെ രക്ഷിക്കാതിരുന്നതിൽ ഇവർക്കെതിരെ കേസെടുക്കാൻ ചൈനയിൽ നിയമമില്ല. എന്നാൽ നിയമപരമായി വിവരം അധികൃതരെയും വീട്ടുകാരെയും അറിയിക്കാതിരുന്ന കുറ്റത്തിന് ഇരുവരും മരിച്ചയാളിൻ്റെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകേണ്ടി വരും.