
ബെയ്റൂത്ത്: അയൽരാജ്യമായ ലെബനനിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ. ഐൻ എൽ-ഹിൽവേയിലെ പലസ്തീൻ അഭയാർത്ഥി ക്യാമ്പിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹിസ്ബുള്ളയുമായുള്ള വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷം ലെബനനിൽ ഇസ്രായേലി നടത്തിയ ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നായിരുന്നു നടന്നത്. തെക്കൻ തുറമുഖ നഗരമായ സിഡോണിനടുത്തുള്ള ഹമാസ് പരിശീലന കേന്ദ്രമായിരുന്നു ലക്ഷ്യമെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. തെക്കൻ ലെബനനിലെ ഐൻ അൽ-ഹിൽവേ പ്രദേശത്തെ ഹമാസ് പരിശീലന കേന്ദ്രം ഇസ്രായേലിനെതിരെ ആക്രമണത്തിന് ഉപയോഗിക്കുന്നുവെന്നും സൈന്യം ആരോപിച്ചു. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ക്യാമ്പിനുള്ളിലെ ഖാലിദ് ബിൻ അൽ-വാലിദ് പള്ളിക്ക് സമീപത്തെ കാർ ലക്ഷ്യമാക്കി ഡ്രോണ്‍ ആക്രമണം നടത്തിയതായി സർക്കാർ നടത്തുന്ന ദേശീയ വാർത്താ ഏജൻസി അറിയിച്ചു. തുടർന്ന്, പള്ളിയെയും സമീപത്തുള്ള ഖാലിദ് ബിൻ അൽ-വാലിദ് സെന്ററിനെയും ലക്ഷ്യമാക്കി മൂന്ന് മിസൈലുകൾ പതിച്ചു.
ലെബനനിലെ ഏറ്റവും വലുതും ജനസാന്ദ്രതയുള്ളതുമായ പലസ്തീൻ അഭയാർത്ഥി ക്യാമ്പായ ഐൻ എൽ-ഹിൽവേയിലെ താമസക്കാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു വർഷത്തിലേറെയായി തുടരുന്ന അതിർത്തി കടന്നുള്ള പോരാട്ടം അവസാനിപ്പിക്കുന്നതിനായി ഇസ്രായേലും ഹിസ്ബുള്ളയും വെടിനിർത്തൽ കരാറിൽ എത്തിച്ചേർന്നതിന് ഏകദേശം ഒരു വർഷത്തിന് ശേഷമാണ് ആക്രമണം ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam