'ഇതെല്ലാം സാധാരണം'; ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരോധനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് മാധ്യമം

By Web TeamFirst Published Dec 19, 2019, 1:14 PM IST
Highlights

''പരമാധികാര രാജ്യങ്ങളില്‍ അടിയന്തിര ഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് സേവനം നിരോധിക്കുന്നത് സാധാരണമാണെന്നാണ്...''

ദില്ലി: ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരോധനത്തെ പ്രകീര്‍ത്തിച്ച് ചൈനീസ് വെബ്സൈറ്റ്. പൗരത്വഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഇന്ത്യയിലെ വിവിധ ഇടങ്ങളില്‍ ഇന്‍റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പീപ്പിള്‍സ് ഡെയ്‍ലി ഓണ്‍ലൈന്‍ എന്ന വെബ്സൈറ്റാണ് ചൊവ്വാഴ്ച ഇന്ത്യയിലെ ഇന്‍റര്‍നെറ്റ് നിരോധനത്തെ അനുകൂലിക്കുന്ന പരാമര്‍ശം നടത്തിയത്. 

''വിവാദമായ പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളെ നിയന്ത്രിക്കാന്‍ ഇന്ത്യ അടുത്തിടയായി രാജ്യത്ത് ഇന്‍റര്‍നെറ്റ് നിരോധനം നടത്തി.... പരമാധികാര രാജ്യങ്ങളില്‍ അടിയന്തിര ഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് സേവനം നിരോധിക്കുന്നത് സാധാരണമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്'' - എന്ന് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. 

പൗരത്വഭേദഗതി നിയമം പാര്‍ലമെന്‍റ് പാസാക്കി ഒരാഴ്ച തികയുമ്പോള്‍ രാജ്യം പ്രതിഷേധത്തിന്‍റെ പാതയിലാണ്. അസ്സമിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും പൊട്ടിപ്പുറപ്പെട്ട പ്രതിഷേധം ബംഗാളിലേക്കും ഉത്തര്‍പ്രദേശിലേക്കും വ്യാപിച്ചു. നിലവില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ശക്തമാക്കുകയാണ്. അതേസമയം ബംഗളുരുവില്‍ പ്രതിഷേധിച്ച ചരിത്രകാരന്‍ രാമചന്ദ്രഗുഹയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

ദില്ലിയില്‍ പ്രതിഷേധിക്കാനെത്തിയ സിപിഎം, സിപിഐ ജനറല്‍ സെക്രട്ടറിമാരായ സിതാറാം യെച്ചൂരിയെയും ഡി രാജയെയും പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലിയിലെ ചെങ്കോട്ടയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നിരോധിക്കുകയും ചെയ്തിരുന്നു. 

click me!