
രക്ഷാപ്രവര്‍ത്തകരുടെ തെരച്ചില്‍ വിഫലമായി. എരിഞ്ഞടക്കി ആ വിമാനത്തിലെ 132പേരും. തിങ്കളാഴ്ച ചൈനനയിലെ ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളില്‍ തകര്‍ന്നുവീണ വിമാനത്തിലുണ്ടായിരുന്ന 132 പേരും കൊല്ലപ്പെട്ടതായി ചൈനീസ് ഔദ്യോഗിക മാധ്യമം. വിമാനാപകടത്തില്‍ ആരും രക്ഷപ്പെട്ടില്ലെന്നാണ് സിസിടിവി വിശദമാക്കിയത്. വിമാനാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആരെയും രക്ഷാപ്രവര്‍ത്തകര്‍ക്ക് കണ്ടെത്താനായില്ല.
വിമാനം തകര്‍ന്ന് 18 മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് സിസിടിവി ഇക്കാര്യം വിശദമാക്കിയത്. 9 ജീവനക്കാരും123 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം തകരാനുണ്ടായ കാരണത്തേക്കുറിച്ച് ഇനിയും വ്യക്തതയില്ല. ചൈനയിലെ പടിഞ്ഞാറന്‍ മേഖലയായ കുണ്‍മിംഗില്‍ നിന്ന് ഗുവാങ്സോയിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
3.5 ന് ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനവുമായുള്ള ബന്ധം 2.22 ഓട് കൂടി നഷ്ടമാവുകയായിരുന്നു. മലമുകളിലേക്ക് വിമാനം കുപ്പുകുത്തി വീണതോടെ പ്രദേശത്തെ പര്‍വ്വതത്തില്‍ തീപിടുത്തവും ഉണ്ടായിരുന്നു. ബോയിംഗ് 737 വിമാനമാണ് തകര്‍ന്നത്. വിമാനാപകടത്തിന് പിന്നാലെ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോഗ് ഉന്‍ ചൈനീസ് പ്രസിഡന്‍റിനെ അനുശോചനം അറിയിച്ചിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മുപ്പതിനായിരം അടി ഉയരത്തില്‍ നിന്നാണ് വിമാനം മലമുകളിലേക്ക് കൂപ്പ് കുത്തിയത്.
മൂന്ന് മിനിറ്റിനുള്ളിലാണ് വിമാനം ആയിരത്തോളം മീറ്റര്‍ താഴ്ചയിലേക്ക് പതിച്ചത്. അപകടമുണ്ടായ മേഖലയിലേക്ക് എത്തിച്ചേരാനുണ്ടായ കാലതാമസവും പ്രതികൂല കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. വളരെ ചെറിയ പാതയാണ് മലമുകളിലേക്കുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ വാഹനങ്ങള്‍ ഇതിനാല്‍ ഈ മേഖലയില്‍ എത്തിക്കാന്‍ കാലതാമസമുണ്ടായിരുന്നു. നിലത്തേക്ക് വീഴുന്ന സമയത്ത് വിമാനത്തില്‍ നിന്ന് പുകയൊന്നും കണ്ടിരുന്നില്ലെന്നും എന്നാല്‍ കുത്തനെ വീഴുകയായിരുന്നുവെന്നുമാണ് അപകടത്തേക്കുറിച്ച് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടമുണ്ടായ പ്രദേശത്തെ മരങ്ങളില്‍ വിമാനത്തില്‍ നിന്നുള്ള വസ്ത്രങ്ങളും മറ്റും തൂങ്ങിയ നിലയില്‍ കണ്ടുവെന്നും പ്രദേശവാസികള്‍ പ്രതികരിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam