ഷാങ്‍ഹായില്‍ ചൈന - പാക് ചര്‍ച്ച, കശ്‍മീര്‍ വിഷയം ചര്‍ച്ചയായി

By Web TeamFirst Published Sep 16, 2022, 6:06 PM IST
Highlights

പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, ഷി ജിൻപിങിനെ കണ്ടു. കശ്മീര്‍ വിഷയം ചര്‍ച്ചയായെന്ന് ഇരുരാജ്യങ്ങളും പ്രസ്താവന നടത്തി.

ദില്ലി: ഷാങ്ഹായി സഹകരണ ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്‍റും പാകിസ്ഥാന്‍ പ്രധാനമന്ത്രിയും ചര്‍ച്ച നടത്തി. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ്, ഷി ജിൻപിങിനെ കണ്ടു. കശ്മീര്‍ വിഷയം ചര്‍ച്ചയായെന്ന് ഇരുരാജ്യങ്ങളും പ്രസ്താവന നടത്തി. അതേസമയം ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് പരോക്ഷ മുന്നറിയിപ്പ് നല്‍കി. അവശ്യവസ്തുക്കളുടെ നീക്കം ഒരു രാജ്യവും തടസ്സപ്പെടുത്തരുതെന്ന് മോദി ഉച്ചകോടിയിൽ പറഞ്ഞു. 

ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിൽ യുക്രൈനിലെ സംഘർഷവും കൊവിഡും അവശ്യവസ്തുക്കളുടെ ക്ഷാമത്തിന് ഇടയാക്കുന്നു എന്ന് നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ട്. പാകിസ്ഥാൻ ഇന്ത്യയിലേക്കുള്ള ചരക്കു നീക്കം തടയുന്ന സാഹചര്യത്തിലാണ് രാജ്യങ്ങൾ ഇത്തരം നിലപാട് സ്വീകരിക്കരുത് എന്ന് മോദി വ്യക്തമാക്കിയത്.

എന്നാൽ ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങുമായുള്ള ചർച്ച നടന്നതായി ഇതുവരെ അറിയിപ്പില്ല. അടുത്ത ഷാങ്ഹായ് സഹകരണ ഉച്ചകോടി നടത്താൻ ഇന്ത്യയ്ക്ക് എല്ലാ പിന്തുണയും നല്‍കും എന്നാണ് ഉച്ചകോടിയിൽ ഷി ജിൻപിങ് പറഞ്ഞത്. എന്നാൽ അതിർത്തിയിലെ സാഹചര്യം ഉന്നതതലത്തിൽ ചർച്ച ചെയ്യാൻ ചൈന തയ്യാറല്ല എന്ന സൂചനയാണ് ഉച്ചകോടിയിൽ നിന്ന് കിട്ടുന്നത്. ഷാങ്ഹായി സഹകരണ സംഘടനയുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഉച്ചകോടിയിൽ ഏറ്റെടുത്തു. തുർക്കി പ്രസിഡന്‍റുമായി ഉച്ചകോടിക്കിടെ നരേന്ദ്ര മോദി ചർച്ച നടത്തി. 

ഉസ്ബെക്കിസ്ഥാനിലെ സമാർഖണ്ടിൽ ഇന്നാണ് ഷാങ്ഹായ് ഉച്ചകോടിക്ക് തുടക്കമായത്. 
2001 ജൂണിൽ ഷാങ്ഹായിൽ ആരംഭിച്ച എസ്‌സിഒയ്ക്ക്  ചൈന, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവയുൾപ്പെടെ എട്ട് മുഴുവൻ അംഗങ്ങളുമുണ്ട്. 2017 ൽ ഇന്ത്യയും പാക്കിസ്ഥാനും പൂർണ അംഗങ്ങളായി ചേർന്നു. എട്ട് രാജ്യങ്ങളുള്ള ഷാങ്ഹായി സഹകരണ സംഘടനയിൽ ഇറാനെ കൂടി അംഗരാജ്യമാക്കാൻ ഉച്ചകോടി തീരുമാനിക്കും.

 

 

click me!