'പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാം', ഒടുവിൽ ബൈഡന് അഭിനന്ദനവുമായി ഷി ജിൻപിങ്

By Web TeamFirst Published Nov 26, 2020, 9:43 AM IST
Highlights

സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു ആശംസാ സന്ദേശത്തിൽ ഷി ജിൻപിം​ഗ് വ്യക്തമാക്കിയത്. 

ബീജിം​ഗ്: അൽപ്പം വൈകിയെങ്കിലും അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വിജയത്തിൽ ജോ ബൈഡന് അഭിനന്ദനവുമായി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിം​ഗ്. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡന് മറ്റ് രാഷ്ട്ര തലവൻമാരെല്ലാം അഭിനന്ദനവുമായി എത്തിയപ്പോഴും ചൈനീസ് പ്രസിഡന്റ് ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ ബൈഡനെ അഭിനന്ദിക്കാൻ തയ്യാറായിരിക്കുക്കയാണ് ചൈനീസ് തലവൻ. ബൈഡന്റെ വിജയിച്ച് രണ്ടാഴ്ച കഴിയുമ്പോഴാണ് അഭിനന്ദനം. 

സംഘർഷവും ഏറ്റുമുട്ടലും ഒഴിവാക്കി, പരസ്പര ബഹുമാനത്തോടെ പ്രവർത്തിക്കാമെന്നായിരുന്നു ആശംസാ സന്ദേശത്തിൽ ഷി ജിൻപിം​ഗ് വ്യക്തമാക്കിയത്. ലോകസമാധാനവും വികസനവും ഉറപ്പുവരുത്താമെന്നും ഇരുരാജ്യങ്ങളും തമ്മിൽ ആരോ​ഗ്യപരവും സുസ്ഥിരവുമായ ബന്ധം വളരട്ടെ എന്നും സന്ദേശത്തിൽ വ്യക്തമാക്കുന്നു. 

ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം കഴിഞ്ഞ കുറച്ച് മാസങ്ങളായി അസുഖകരമായി തുടരുകയാണ്. കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ വലിയ സംഘർഷമാണ് ഉണ്ടായത്. നവംബർ 13ന് ചൈനീസ് പ്രസിഡന്റിന്റെ പേര് പരാമർശിക്കാതെ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്  ബീജിം​ഗിൽ നിന്നുള്ള അഭിനന്ദനം ബൈഡനെയും കമല ഹാരിസിനെയും അറിയിച്ചിരുന്നു. 

അതേസമയം റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുച്ചിനും ബൈഡനെ അഭിനന്ദിക്കാൻ തയ്യാറായിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്തിയെങ്കിലും ബൈഡന്റെ വിജയം ട്രംപ് ഇതുവരെയും അം​ഗീകരിച്ചിട്ടില്ല. 
 

click me!