
ലോക്ക്ഡൌണ്‍ സമയത്ത് മാഗ്നാ കാര്‍ട്ടയിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിച്ച് ബ്യൂട്ടി പാര്‍ലര്‍ തുറന്ന് പ്രവര്‍ത്തിപ്പിച്ച യുവതിക്ക് 27 ലക്ഷം രൂപ പിഴ. ഇംഗ്ലണ്ടിലെ വെസ്റ്റ് യോര്‍ക്ക്ഷെയറിലെ ഓക്കന്‍ഷോയിലാണ് സംഭവം. സിനീദ് ക്വിന്‍ എന്ന 29കാരിയാണ് തുടര്‍ച്ചയായി സലോണ്‍ അടക്കണമെന്ന നിര്‍ദ്ദേശം ലഭിച്ചിട്ടും പാലിക്കാന്‍ തയ്യാറാവാതിരുന്നത്. മാഗ്നാകാര്‍ട്ടയിലെ ചില ഉദ്ധരണികള്‍ ചൂണ്ടിക്കാണിച്ചാണ് യുവതി സലോണ്‍ അടയ്ക്കാന്‍ തയ്യാറാവാത്തത്.
ഈ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരുന്നു. കൊവിഡ് വ്യാപനത്തിന്‍റെ രണ്ടാം തരംഗത്തില്‍ ഇംഗ്ലണ്ടില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയാണ് ഇവിടം. നവംബര്‍ മാസം മുതല്‍ സലോണ്‍ അടച്ചിടണമെന്ന അധികൃതരുടെ നിര്‍ദ്ദേശം യുവതി പാലിച്ചിരുന്നില്ല. തുടര്‍ച്ചയായി പിഴയിട്ട ശേഷവും യുവതി സലോണ്‍ അടക്കാന്‍ തയ്യാറാവാതെ വന്നതോടെയാണ് 27 ലക്ഷം രൂപ പിഴയിട്ടത്. തുടക്കത്തില്‍ 3 ലക്ഷം രൂപയായിരുന്നു പിഴയിട്ടത്. നഗരസഭാ അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് മാഗ്നാകാര്‍ട്ടയിലെ എതിര്‍പ്പ് പ്രകടിപ്പിക്കാനുള്ള സാധ്യത ഉയര്‍ത്തിക്കാണിച്ചായിരുന്നു യുവതിയുടെ പ്രതിഷേധം. 27 ലക്ഷം പിഴ ലഭിച്ച ശേഷവും കടയടക്കാന്‍ തയ്യാറല്ലെന്ന് പ്രതികരിച്ച യുവതി പിഴയടക്കില്ലെന്നും വിശദമാക്കി.
എതിര്‍ക്കാനുള്ള അവകാശം ഉയര്‍ത്തിക്കാണിച്ച് ലോക്ക്ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരായ പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമായാണ് യുവതി നടത്തുന്നത്. കൊവിഡ് വ്യാപനം മൂലമുള്ള അടച്ചിടലുകളെ പിന്തുണയ്ക്കുന്നില്ലെന്നാണ് യുവതിയുടെ അഭിപ്രായം. പിഴത്തുക കൂട്ടിയിട്ടും സലോണ്‍ അടക്കാതെ വന്നതോടെ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നഗരസഭയുള്ളത്. നവംബര്‍ 19 ന് ശേഷം 100000 പേരാണ് ഈ മേഖലയില്‍ കൊവിഡ് ബാധിതരായിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam