
ടെഹ്റാൻ: ഇറാനു മേലുള്ള അമേരിക്കയുടെ നാവിക ഉപരോധത്തിനൊപ്പം സജീവമായി ചർച്ചകൾക്കുള്ള സാധ്യതകൾ. അമേരിക്കയുടെ നാവിക ഉപരോധം തുടങ്ങിയെങ്കിലും ഇതുവരെ സംഘർഷ സംഭവങ്ങൾ ഉണ്ടായിട്ടില്ല. ഇതിനിടെ, അമേരിക്ക ഉപരോധമേർപ്പെടുത്തിയ ചൈനീസ് കപ്പൽ ഹോർമൂസ് കടന്നതായും വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ആണവ വിഷയത്തിലും ഹോർമൂസിലും വഴങ്ങാൻ ഇറാനു മേൽ അമേരിക്ക സമ്മർദം തുടരുകയാണ്.
അമേരിക്കയുടെ നാവിക ഉപരോധത്തിൽ 13 പടക്കപ്പലുകൾ അണിനിരന്നതായാണ് റിപ്പോർട്ടുകൾ. അകമ്പടിയായി പോർ വിമാനങ്ങളുടെ പിന്തുണയും ഉണ്ട്. ഇതിനിടയിലാണ് ചൈനീസ് പതാക വഹിക്കുന്ന റിച്ച് സ്റ്റാറി ഹോർമൂസ് കടന്നതായി വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ ഉപരോധത്തെ ചൈനീസ് കപ്പൽ മറികടന്നതെങ്ങനെയെന്ന ചർച്ചകൾ സജീവമാണ്. ഉപരോധമുണ്ടെങ്കിലും അടിയോ തിരിച്ചടിയോ ഇതുവരെയില്ലാത്തത് ഇരു വിഭാഗത്തിന്റെയും ജാഗ്രതയെ സൂചിപ്പിക്കുന്നു. ചർച്ചകൾക്കും ശ്രമങ്ങൾ സജീവമാണ്. മധ്യസ്ഥ രാഷ്ട്രമായ പാക്കിസ്ഥാൻ തന്നെ ശ്രമങ്ങൾ തുടരുന്നുണ്ട്. തുർക്കിയും ഒപ്പമുണ്ട്. വെടിനിർത്തൽ നീട്ടാനും ചർച്ച നടക്കാനുമാണ് വിദൂര സാധ്യത.
ഇതിനിടെ ഇറാന് തുറന്ന പിന്തുണ നൽകുന്ന റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവറോവ് ചൈനയിലെത്തി. ആണവ പദ്ധതിയിൽ 20 വർഷത്തെ മോറട്ടോറിയം എന്ന നിർദേശം അമേരിക്ക മുന്നോട്ടു വെച്ചെന്നും പരമാവധി പത്തു വരെ ഇറാൻ അംഗീകരിച്ചെന്നും വിവിധ റിപ്പോർട്ടുകൾ പുറത്തു വന്നു. ആണവപദ്ധതി നിർത്തിവെച്ച് യുറേനിയം ശേഖരം കൈമാറണമെന്ന പോയിന്റിൽ നിന്ന് ഇരുവിഭാഗവും നടത്തുന്ന വിട്ടുവീഴ്ച്ചകൾ സമാധാന ശ്രമത്തിൽ നിർണായകമമാവും. യുറേനിയം ശേഖരം തങ്ങൾ സൂക്ഷിക്കാമെന്ന ഓഫർ റഷ്യ മുന്നോട്ടു വെച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam