മെക്സിക്കോയുടെ തെക്കൻ തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെക്സിക്കോ സിറ്റി: വെനസ്വലേ ഭൂചലനത്തിന്‍റെ ഭീതി വിട്ടുമാറും മുമ്പേ മെക്സിക്കോയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തി. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അയല്‍ രാജ്യങ്ങളായ ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും ശക്തമായ ഭൂചലനമുണ്ടായി. മെക്സിക്കോയുടെ തെക്കേ അറ്റത്തുള്ള സംസ്ഥാനമായ ചിയാപാസിന്റെ തീരമായിരുന്നു പ്രഭവകേന്ദ്രം. ഗ്വാട്ടിമാലയിലും എൽ സാൽവഡോറിലും സുനാമി മുന്നറിയിപ്പ് നൽകി. ഇരു രാജ്യങ്ങളിലും കുലുക്കമനുഭവപ്പെട്ടു.

15.2 കിലോമീറ്റർ (9.44 മൈൽ) ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ (186 മൈൽ) ഉള്ളിലുള്ള തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾക്ക് സാധ്യതയുണ്ടെന്ന് യുഎസ് സുനാമി മുന്നറിയിപ്പ് സംവിധാനം അറിയിച്ചു. മെക്സിക്കോയിലെയും ഗ്വാട്ടിമാലയിലെയും ചില തീരങ്ങളിൽ വേലിയേറ്റ നിരപ്പിൽ നിന്ന് 0.3 മീറ്റർ മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ എത്താൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. 

തിരമാല അര മീറ്ററിൽ കൂടുതൽ ഉയരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് മെക്സിക്കൻ നാവികസേന സെക്രട്ടറി റെയ്മുണ്ടോ മൊറേൽസ് പറഞ്ഞു, എന്നിരുന്നാലും ഇപ്പോൾ ബീച്ചുകളിൽ നിന്ന് വിട്ടുനിൽക്കാൻ ആളുകളോട് ആവശ്യപ്പെട്ടു. മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിലും 5 നും 6 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ അനുഭവപ്പെട്ടു. ജൂൺ 24 ന് വെനിസ്വേലയിൽ വൻ ഭൂചലനമുണ്ടായിരുന്നു.