തിരുപ്പിറവിയുടെ നന്മയുമായി ക്രിസ്മസ്, ലോകമെങ്ങും വിശ്വാസികൾ ആഘോഷത്തിൽ

By Web TeamFirst Published Dec 25, 2019, 12:33 AM IST
Highlights

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയിൽ നിരവധിപ്പേരെത്തി

വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിദിനത്തിൽ പ്രാർത്ഥനാനിർഭരമായ മനസ്സുമായി ഇന്ന് വിശ്വാസികൾ ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‍ലഹേമിലെ പുൽത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നുവീണതിനെ അനുസ്മരിച്ചും ശാന്തിയുടെയും സമാധാനത്തിന്‍റെയും സന്ദേശങ്ങൾ പങ്കുവച്ചും ലോകമെമ്പാടുമുള്ള ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേർന്നു. സുവിശേഷവായനയ്ക്ക് ശേഷം തിരുപ്പിറവി അറിയിച്ചുകൊണ്ട് പള്ളിമണികൾ മുഴങ്ങി. 

വത്തിക്കാനിലും ഉണ്ണിയേശു പിറന്ന ബത്‍ലഹേമിലുള്ള നേറ്റിവിറ്റി ദേവാലയത്തിലും നടന്ന വിശുദ്ധകുർബാനയിൽ നിരവധിപ്പേരെത്തി. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിൽ ക്രിസ്മസ് പ്രാർത്ഥനകൾക്കായി പതിനായിരങ്ങളാണ് ഒത്തുകൂടിയിരിക്കുന്നത്. 

ഉർബി അറ്റ് ഓർബി - അഥവാ നഗരത്തോടും ലോകത്തോടും എന്നറിയപ്പെടുന്ന മാർപ്പാപ്പയുടെ പരമ്പരാഗത ക്രിസ്മസ് പ്രസംഗം ക്രിസ്മസ് ദിനത്തില്‍ വിശ്വാസികളെ സംബന്ധിച്ചടുത്തോളം ഏറെ പ്രധാനമാണ്. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഫ്രാന്‍സിസിന്‍റെ ഏഴാമത് ക്രിസ്മസ് സന്ദേശമാണിത്. വിശുദ്ധ കുർബാനയ്ക്ക് അദ്ദേഹം നേതൃത്വം നൽകും. കനത്ത സുരക്ഷാക്രമീകരണങ്ങളാണ് വത്തിക്കാനിൽ ഇത്തവണ ഒരുക്കിയത്.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് - ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. 

വത്തിക്കാനിലെ ചടങ്ങുകളുടെ തത്സമയസംപ്രേഷണം കാണാം:


 

click me!