വീണ്ടും പൊലീസ് ക്രൂരത; അമേരിക്കയിൽ ഒരു കറുത്ത വർ​ഗക്കാരനെക്കൂടി വെടിവച്ച് കൊന്നു

By Web TeamFirst Published Apr 12, 2021, 1:13 PM IST
Highlights

മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് ജനങ്ങളെ പൊലീസ് നേരിട്ടത്...

വാഷിം​ഗ്ടൺ: അമേരിക്കയിൽ കറുത്ത വർ​​​​ഗക്കാരനായ 20 കാരനെ വെടിവച്ചുകൊന്നതിന് പിന്നാലെ പ്രതിഷേധം ശക്തമാകുന്നു. മിനെപ്പോളിസിലാണ് അമേരിക്കൻ പൊലീസ്  ഡാന്റെ റൈറ്റ് 20 കാരനെ വെടിവച്ചുകൊന്നത്. ലോകത്തെ മുഴുവൻ പിടിച്ചുകുലുക്കിയ, കറുത്ത വർ​​ഗക്കാരൻ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ വിചാരണ നേരിടുന്നതിനിടയിലാണ് മറ്റൊരു കൊലപാതകം കൂടി നടന്നിരിക്കുന്നത്. 

മിനെപ്പോളിസിലെ ബ്രൂക്ലിൻ സെന്ററിലെ പൊലീസ് സ്റ്റേഷന് പുറത്ത് നൂറ് കണക്കിന് ജനങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം ശക്തമായതോടെ കണ്ണീർ വാതകം പ്രയോ​ഗിച്ചാണ് ജനങ്ങളെ പൊലീസ് നേരിട്ടത്. താൻ പൊലീസ് പിടിയിലാണെന്ന് അറിയിക്കാൻ മകൻ തന്നെ വിളിച്ചിരുന്നുവെന്ന്  ഡാന്റെ റൈറ്റിന്റെ അമ്മ ഞായറാഴ്ച ആൾക്കൂട്ടത്തോടായി പറഞ്ഞു. 

ഞാൻ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഫോൺ താഴെ വയ്ക്കാൻ പൊലീസുകാർ അവനോട് പറയുന്നുണ്ടായിരുന്നു. പെട്ടന്ന് ഫോൺ കട്ട് ആയി. നിമിഷങ്ങൾക്കുള്ളിൽ അവൻ്റെ കാമുകി എന്നെ വിളിച്ച് ഡാന്റെയെ പൊലീസുകാർ വെടിവച്ചുവെന്ന് അറിയിച്ചു. - അമ്മ പറഞ്ഞു. പൊലീസ് ഉദ്യോ​ഗസ്ഥന് പങ്കുള്ള ഒരു വെടിവെപ്പ് കേസ് അന്വേഷിക്കുന്നുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയെങ്കിലും കൊല്ലപ്പെട്ടയാളെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരുന്നില്ല. 

ട്രാഫിക് നിയമം തെറ്റിച്ചതിന് ടാക്സി ഡ്രൈവറെ പിടികൂടുകയും ഇയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ പ്രതിരോധിച്ച ഡ്രൈവർക്ക് നേരെ പൊലീസ് ഉദ്യോ​ഗസ്ഥൻ വെടിവയ്ക്കുകയുമായിരുന്നുവെന്നും ഇയാൾ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചുവെന്നുമാണ് ഔദ്യോ​ഗിക വിശദീകരണം. കാറിലുണ്ടായിരുന്ന വനിതാ യാത്രികയ്ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും വിശദീകരണ കുറിപ്പിൽ വ്യക്തമാക്കുന്നു.

ജോർജ് ഫ്ലോയ്ഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിൽ മാസങ്ങൾ നീണ്ട പ്രതിഷേധമാണ് അരങ്ങേറിയത്. വംശവെറിക്കും വർണ്ണവിവേചനത്തിനുമെതിരെ പതിനായിരങ്ങളാണ് പ്ലക്കാർഡുകളുമേന്തി അമേരിക്കൻ തെരുവുകളിൽ ഇറങ്ങിയത്. ഈ പ്രതിഷേധം പിന്നീട് ലോകം മുഴുവൻ ഏറ്റെടുത്തു. 

click me!