ടെലിവിഷന്‍ കൊമേഡിയന്‍ ഉക്രൈനില്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു

By Web TeamFirst Published Apr 22, 2019, 11:49 AM IST
Highlights

രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്തയാളാണ് സിനിമാ പ്രവര്‍ത്തകനാണ് സെലന്‍സ്കി

ഉക്രൈന്‍: ഉക്രൈന്‍ തെരഞ്ഞെടുപ്പില്‍ കൊമേഡിയന്‍ വൊളോദിമിര്‍ സെലന്‍സ്കിക്ക് വിജയം. നാല്‍പ്പതു ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 70 ശതമാനം വോട്ടുകള്‍ വൊളോദിമിര്‍ സെലന്‍സ്കിക്ക് ലഭിച്ചതായാണ് വിവരം. ഔദ്യോഗിക ഫലം വന്നില്ലെങ്കിലും സെലന്‍സ്കി വിജയം ഉറപ്പിച്ചിരിക്കുകയാണ്. 

രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത സിനിമാ പ്രവര്‍ത്തകനാണ് സെലന്‍സ്കി. ആദ്യമായാണ് അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒരു ടിവി സീരിയലില്‍ രാജ്യത്തിന്‍റെ പ്രസിഡന്‍റായി അഭിനയിക്കുക മാത്രമാണ് അദ്ദേഹത്തിന് രാഷ്ട്രീയവുമായുള്ള ബന്ധം. 

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ താന്‍ സ്ഥാനം ഒഴിയുകയാണെന്ന് ഉക്രൈനിലെ നിലവിലെ പ്രസിഡന്‍റ് പെട്രോ പൊറേഷെങ്കോ വ്യക്തമാക്കി. എന്നാല്‍ രാഷ്ട്രീയത്തില്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. പൊറേഷെങ്കോയോടുള്ള അതൃപ്തിയാണ് സെലന്‍സ്കിക്ക് ജനം വോട്ടു ചെയ്യാനുണ്ടായ കാരണമെന്നാണ് വിലയിരുത്തല്‍. 2014 മുതല്‍ അധികാരത്തിലുണ്ടായിരുന്ന പൊറേഷെങ്കോയ്ക്ക് 25 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 

പ്രതിസന്ധിയില്‍ മുങ്ങിയ ഉക്രൈനില്‍ അഴിമതിയും യുദ്ധഭീഷണിയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിന്‍റെ ഭരണം കൃത്യമായി നിരി‍വ്വഹിക്കാന്‍ രാഷ്ട്രീയ പരിചയമില്ലാത്ത പുതിയ പ്രസിഡന്‍റിന് കഴിയുമോയെന്നാണ് ലോകം ഉറ്റു നോക്കുന്നത്. 

click me!