
മോസ്കോ: റഷ്യയുടെ കരിങ്കടൽ സേനാ കമാണ്ടർ കൊല്ലപ്പെട്ടതായി യുക്രൈന്‍. അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടത് വെള്ളിയാഴ്ച നടന്ന ആക്രമണത്തിലാണെന്നാണ് യുക്രൈന്‍ വാദിക്കുന്നത്. എന്നാല്‍ യുക്രൈന്‍ വാദത്തേക്കുറിച്ച് റഷ്യ ഇനിയും പ്രതികരിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് യുക്രൈന്‍റെ പ്രത്യേക സേന അഡ്മിറൽ വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടെന്ന അവകാശവാദം ഉയര്‍ത്തിയത്.
ക്രീമിയയിലെ സെവാസ്റ്റോപോളിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന 33 ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് വിക്ടർ സൊഖോലോവ് കൊല്ലപ്പെട്ടതെന്നാണ് വാദം. റഷ്യയിലെ ഏറ്റവും മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരിലൊരാളാണ് വിക്ടർ സൊഖോലോവ്. ക്രീമിയയില്‍ യുക്രൈന്‍ ആക്രമണം ശക്തമായതിന് പിന്നാലെ റഷ്യ കൂടുതല്‍ ഉദ്യോഗസ്ഥരേയും സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. 19 മാസമായി തുടരുന്ന യുദ്ധത്തില്‍ യുക്രൈനെതിരായ ആകാശ പോരിന് റഷ്യക്ക് താവളമായിരുന്ന മേഖലയാണ് ക്രീമിയ.
കീവിന്റെ സുപ്രധാന തിരിച്ചടികളിലൊന്നായാണ് വിക്ടർ സൊഖോലോവിന്റെ കൊലയെ യുക്രൈന്‍ വിശേഷിപ്പിക്കുന്നത്. 2014ലാണ് റഷ്യ ക്രീമിയ യുക്രൈനില്‍ നിന്ന് പിടിച്ചെടുത്തത്. കരിങ്കടലിലെ സേനാ വിന്യാസത്തിന്റെ ഹെഡ്ക്വാട്ടേഴ്സിനെ നേരെയുണ്ടായ ആക്രമണത്തില്‍ 34 ഉദ്യോഗസ്ഥര്‍ കൊല്ലപ്പട്ടതായാണ് റോയിട്ടേഴ്സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 105ഓളം പേര്‍ക്കാണ് മിസൈല്‍ ആക്രമണത്തില്‍ പരിക്കേറ്റതെന്നാണ് വിവരം. ഹെഡ് ക്വാട്ടേഴ്സ് കെട്ടിടത്തിനെ ഇനി പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കാത്ത രീതിയില്‍ തകര്‍ത്തതായാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
ടെലിഗ്രാം മെസേജിംഗ് ആപ്പിലാണ് പ്രത്യേക സേന ഇക്കാര്യം വിശദമാക്കിയത്. എന്നാല്‍ കൊല്ലപ്പെട്ടവരുടെ എണ്ണവും പരിക്കേറ്റവരുടെ എണ്ണവും യുക്രൈന്‍ എങ്ങനെ കണ്ടെത്തിയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ട്. അതേസമയം ആക്രമണത്തിന് ശേഷമുള്ള റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ ഒരാളെ കാണാതായെന്നാണ് റഷ്യ വിശദമാക്കിയത്.
ഇയാള്‍ കൊല്ലപ്പെട്ടതായി റഷ്യ പിന്നീട് വിശദീകരിച്ചിട്ടുണ്ട്. അഞ്ച് മിസൈലുകളെ നിര്‍വീര്യമാക്കിയെന്നും റഷ്യ അവകാശപ്പെടുന്നുണ്ട്. ഈ മാസം ആദ്യത്തില്‍ യുക്രൈന്‍ കരിങ്കടലിലെ നാവികസേനാ കേന്ദ്രത്തില്‍ 10 ക്രൂയിസ് മിസൈല്‍ വര്‍ഷിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം വിശദമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam