
ദില്ലി: ഓപ്പറേഷൻ സിന്ദൂർ നിറുത്തിയതായി മോദി തന്നെ നേരിട്ട് വിളിച്ചറിയിച്ചു എന്ന യു എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിൽ പ്രധാനമന്ത്രി മൗനം വെടിഞ്ഞ് പ്രതികരിക്കണമെന്ന് കോൺഗ്രസ്. ട്രംപ് പങ്കെടുക്കാത്തതിനാൽ സുരക്ഷിതമെന്ന് കണ്ടാണ് മോദി ജി 20 ഉച്ചകോടിക്കായി ദക്ഷിണാഫ്രിക്കയിലേക്ക് പോയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് പരിഹാസം. ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനായിരുന്നു മലേഷ്യയിലും ഈജിപ്തിലും മോദി പോകാതിരുന്നതെന്നും പ്രതിപക്ഷം ആരോപിച്ചു.
ഇന്ത്യ - പാകിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്‍റെ പുതിയ വാദം. യുദ്ധം നിറുത്തിയില്ലെങ്കിൽ 350 ശതമാനം അധിക തീരുവ ഏർപ്പെടുത്തുമെന്ന് ഇന്ത്യയേയും പാകിസ്ഥാനെയും ഭീഷണിപ്പെടുത്തിയിരുന്നതായും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്‍റെ അവകാശവാദങ്ങളോട് പ്രതികരിക്കാതെ ആ വാക്കുകൾ കേന്ദ്ര സർക്കാർ അവഗണിക്കുകയാണ്. എന്നാൽ പ്രധാനമന്ത്രി മൗനം വെടിയണമെന്ന ആവശ്യം കോൺഗ്രസ് കടുപ്പിക്കുകയാണ്. ട്രംപ് ഉണ്ടാവില്ലെന്ന് കണ്ടാണ് മോദി ജി 20 യിൽ പങ്കെടുക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. ട്രംപിനെ മോദി ആലിംഗനം ചെയ്യുന്ന പഴയ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത കോൺഗ്രസ് ഈ സൗഹൃദം ഇപ്പോൾ എവിടെ പോയെന്നും പരിഹസിച്ചു.
ദക്ഷിണാഫ്രിക്കയിൽ വെളുത്തവർഗ്ഗക്കാരോട് അതിക്രമം കൂടുന്നു എന്നാരോപിച്ച് ഡോണൾഡ് ട്രംപ് ജി 20 ഉച്ചകോടി ബഹിഷ്ക്കരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ തീരുമാനം മാറ്റുന്നു എന്ന് അവസാനനിമിഷം അമേരിക്ക അറിയിച്ചതായി ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസ വ്യക്തമാക്കി. അമേരിക്കയിൽ നിന്ന് എൽ പി ജി വാങ്ങാൻ ഇന്ത്യ കഴിഞ്ഞ ദിവസം കരാർ ഒപ്പു വച്ചിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിറുത്തിയതായി റിയലൻസ് റിഫൈനറി വാർത്താകുറിപ്പിൽ അറിയിച്ചു. സംസ്കരിച്ച് കയറ്റുമതി ചെയ്യുന്നതിനായി എത്തിച്ചിരുന്ന ക്രൂഡ് ഓയിൽ വാങ്ങുന്നതാണ് വേണ്ടെന്ന് വച്ചത്. റഷ്യൻ കമ്പനികൾക്കുള്ള യു എസ് ഉപരോധം ഇന്ന് നിലവിൽ വന്ന സാഹചര്യത്തിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി നിറുത്തിയതെന്ന് റിലയൻസ് അറിയിച്ചു. മറ്റ് എണ്ണകമ്പനികളും യു എസ് ഉപരോധം അംഗീകരിക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam