'ഷോക്കടിപ്പിച്ച് കൊന്നാൽ മതി': കൊലക്കേസ് പ്രതിയുടെ അന്ത്യാഭിലാഷം നടപ്പാക്കി പൊലീസ്

By Web TeamFirst Published Aug 16, 2019, 10:25 AM IST
Highlights

30 വർഷങ്ങൾക്ക് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്

വാഷിംഗ്‌ടൺ: രണ്ട് പേരെ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതി, ശിക്ഷ നടപ്പാക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ആവശ്യപ്പെട്ടത് ഷോക്കടിപ്പിച്ചുള്ള മരണം. ജയിലിനകത്ത് വിഷം കുത്തിവച്ചുള്ള മരണം അല്ല വേണ്ടത് മറിച്ച് തന്നെ ഷോക്കടിപ്പിച്ച് കൊന്നാൽ മതിയെന്നായിരുന്നു സ്റ്റീഫൻ വെസ്റ്റിന്റെ ആവശ്യം. അമേരിക്കയിലെ ടെന്നെസ്സീയിൽ തടവുകാരനായിരുന്നു  ഇയാൾ.

ഏതാണ്ട് 30 വർഷങ്ങൾക്ക് മുൻപ് നടത്തിയ ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ടാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്. എന്നാൽ ബുധനാഴ്ച വരെ കാത്തിരുന്ന ശേഷമാണ് ഇയാൾ തന്റെ അന്ത്യാഭിലാഷം പറഞ്ഞത്.

ശിക്ഷ ഇളവ് ചെയ്യണമെന്ന സ്റ്റീഫന്റെ ഹർജി ടെന്നെസ്സി റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ തള്ളിയിരുന്നു. പിന്നാലെ സ്റ്റീഫനെ ജയിലിനകത്ത് വധശിക്ഷ നടപ്പിലാക്കുന്ന മുറിയിൽ കസേരയിലിരുത്തിയ ശേഷം വൈദ്യുതി പ്രസരിപ്പിച്ച് ശിക്ഷ നടപ്പിലാക്കി. ഇന്ത്യൻ സമയം ഇന്നലെ അർദ്ധരാത്രി 12.27 നായിരുന്നു സ്റ്റീഫന്റെ ശിക്ഷ നടപ്പാക്കിയത്. 

വധശിക്ഷ നടപ്പാക്കുന്നത് കുറച്ച് ദിവസങ്ങൾ കൂടി നീട്ടാനാണ് സ്റ്റീഫൻ ഈ ആവശ്യം മുന്നോട്ട് വച്ചതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം ആദ്യം വൈദ്യുതാഘാതമേൽപ്പിച്ചുള്ള മരണം തെരഞ്ഞെടുത്ത ഒരാളുടെ വധശിക്ഷ, മുൻനിശ്ചയിച്ചതിൽ നിന്നും പത്ത് ദിവസം വൈകിയാണ് നടപ്പിലാക്കിയത്. അമേരിക്കയിൽ ഈ വർഷം മാത്രം നടപ്പിലാക്കിയ 11ാമത്തെ വധശിക്ഷയാണ് സ്റ്റീഫന്റേത്. 
 

click me!