പക്ഷിക്കൂട്ടമിടിച്ച് നിയന്ത്രണംവിട്ട വിമാനം പറന്നിറങ്ങിയത് കൃഷിനിലത്തില്‍

By Web TeamFirst Published Aug 15, 2019, 3:05 PM IST
Highlights


വിമാനത്തിന്‍റെ പൈലറ്റ് ഹീറോയാണെന്നും സമയോചിതമായ നടപടിയില്‍ 233 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയതെന്നുമാണ്...

ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്ഭുതത്തിനാണ് കഴിഞ്ഞ ദിവസം റഷ്യക്കാര്‍ സാക്ഷിയായത്. ഒട്ടും പ്രതീക്ഷിക്കാതെ അവരുടെ കൃഷി നിലത്തില്‍ ഒരു വിമാനം പറന്നിറങ്ങി. ഉടന്‍ തന്നെ വിമാനത്തില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടി. ഇത്തരമൊരു കാഴ്ച അന്നുവരെ അവര്‍ കണ്ടുകാണില്ലെന്ന് തീര്‍ച്ച.

233 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനം തകരാറുമൂലം ഒടുവില്‍ പറന്നിറങ്ങിയത് മോസ്കോയ്ക്ക് സമീപത്തെ കോണ്‍ കൃഷി ചെയ്യുന്ന പാടത്താണ്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പക്ഷിക്കൂട്ടത്തിലിടിച്ചതാണ് വിമാനം പാടത്തിറക്കാന്‍ കാരണമായത്. ആളപായമില്ല, എന്നാല്‍ സംഭവത്തില്‍ 23 യാത്രക്കാര്‍ക്ക് പരിക്കേറ്റതായി ആരോഗ്യമന്ത്രാലയം പറഞ്ഞു.

മോസ്കോയ്ക്ക് സമീപം സുക്കോവ്സ്കി അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒരു കിലോമീറ്റര്‍ അകലെയാണ് വിമാനം ഇറക്കിയ കൃഷിസ്ഥലം. സംഭവത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

''പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ വിമാനം ഇളകി. വലതുസൈഡില്‍ വെളിച്ചം വന്നു. കരിയുന്ന ഗന്ധവുമുണ്ടായി. ഉടന്‍ വിമാനം പറന്നിറങ്ങി. ഞങ്ങള്‍ ഇറങ്ങിയോടി'' - യാത്രക്കാരിലൊരാള്‍ പറഞ്ഞു. 

വിമാനത്തിന്‍റെ പൈലറ്റ് ഹീറോയാണെന്നും സമയോചിതമായ നടപടിയില്‍ 233 പേരുടെ ജീവനാണ് രക്ഷപ്പെടുത്തിയതെന്നുമാണ് സംഭവത്തോട് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചത്. 

click me!