ലോകത്ത് കൊവിഡ് മരണം 8944 ആയി; ഇറ്റലിയിൽ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 475 പേര്‍

By Web TeamFirst Published Mar 19, 2020, 7:31 AM IST
Highlights

കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളിൽ 475പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. 

റോം: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി ഉയർന്നു. 475 പേരാണ് ഇറ്റലിയിൽ ഒറ്റദിവസം കൊണ്ട് മരിച്ചത്. കൊവിഡ് ബാധിച്ച് ഒരുദിവസം ഒരു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്.

കൊവിഡിൽ വിറങ്ങലിച്ച് നിൽക്കുകയാണ് യൂറോപ്പും ഇറ്റലിയും. ഇരുപ്പതിനാല് മണിക്കൂറിനുള്ളിൽ 475പേരാണ് ഇറ്റലിയിൽ മരിച്ചത്. ഇതോടെ, ഇറ്റലിയിൽ ആകെ മരണം 2978 ആയി. നിലവിൽ ചൈനയ്ക്ക് പുറത്ത് റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് മരണങ്ങളിൽ പകുതിയിലേറെയും ഇറ്റലിയിലാണ്. ഇറാനിൽ 147ഉം സ്പെയിനിൽ 105ഉം പേർ ഒരുദിവസത്തിനുള്ളിൽ മരിച്ചു. ബ്രിട്ടണിൽ മരണം നൂറ് കടന്നു. 

ബെൽജിയം, ഗ്രീസ്, പോർച്ചുഗൽ, ചിലി എന്നീ രാജ്യങ്ങളും ഇറ്റലിയുടെയും സ്പെയിനിന്റേയും പാത പിന്തുടർന്ന് പൂ‍‍ർണമായും അടച്ചിടൽ പ്രഖ്യാപിച്ചു. വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്നും ഒരുമിച്ച് നിൽക്കണമെന്നും ജർമ്മൻ ചാൻസിലർ ആംഗല മെ‍ർക്കൽ ആവശ്യപ്പെട്ടു. 2900 പേർക്കാണ് ഇന്നലെ മാത്രം ജർമ്മനിയിൽ രോഗം സ്ഥിരീകരിച്ചത്. ഫ്രാൻസിൽ കൊവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇന്നലെ മാത്രം 89പേർ മരിച്ചു. 

അമേരിക്ക - കാന‍ഡ അതിർത്തി അടച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് മുൻ താരം ഗാരി നെവിൽ തന്‍റെ രണ്ട് ഹോട്ടലുകളും ആരോഗ്യപ്രവർത്തകർക്ക് വിട്ടുനൽകി. പാകിസ്ഥാനിലും ആദ്യ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. ടുണീഷ്യയിൽ 12 മണിക്കൂർ പ്രതിദിന കർഫ്യൂ പ്രഖ്യാപിച്ചു. കൊവിഡ് പരിശോധന കൂട്ടണമെന്ന് എല്ലാരാജ്യങ്ങളോടും ലോകാരോഗ്യസംഘടന ആവശ്യപ്പെട്ടു. 2008ലെ സാമ്പത്തിക പ്രതിസന്ധിയെക്കാൾ വലിയ ആഘാതമാണ് തൊഴിൽമേഖലയിൽ കൊവിഡ് സൃഷ്ടിക്കുകയെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടന മുന്നറിയിപ്പ് നൽകി.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!