ഗര്‍ഭഛിദ്രം നിയമ വിധേയമാക്കി ന്യൂസിലന്‍ഡ്

By Web TeamFirst Published Mar 18, 2020, 4:34 PM IST
Highlights

ബില്ലിനെ 51 പേര്‍ എതിര്‍ത്തു. ഇനിമുതല്‍ ക്രിമനല്‍ കുറ്റമായല്ല മറിച്ച് ആരോഗ്യത്തെ ബാധിക്കുന്ന കാര്യമെന്ന നിലയിലാണ് ന്യൂസിലന്‍ഡില്‍ ഗര്‍ഭഛിദ്രം കണക്കാക്കപ്പെടുക. ആദ്യ 20 ആഴ്ചകളില്‍ ഗര്‍ഭഛിദ്രമെന്ന ആവശ്യവുമായി ആശുപത്രികളെ സമീപിക്കാന്‍ ഉതകുന്നതാണ് നീക്കം.

വെല്ലിംഗ്ടണ്‍: ഗര്‍ഭഛിദ്രം നിയമ വിധേയമാക്കിക്കൊണ്ടുള്ള ബില്‍ ന്യൂസിലന്‍ഡ് പാസാക്കി. 68 അംഗങ്ങളുടെ പിന്തുണയോടെയാണ് ബില്‍ പാസായത്. രാജ്യത്ത് ഗര്‍ഭഛിദ്രം സംബന്ധിച്ച നിയമങ്ങളില്‍ വലിയ രീതിയിലുള്ള മാറ്റം വരുത്തുന്നതാണ് തീരുമാനം. നേരത്തെ ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി പരിഗണിക്കുന്ന നിയമത്തെ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി സീന്റ
ആര്‍ഡേന്‍ നേരത്തെ പ്രതികരിച്ചിരുന്നു. 

ബില്ലിനെ 51 പേര്‍ എതിര്‍ത്തു. ഇനിമുതല്‍ ക്രിമനല്‍ കുറ്റമായല്ല മറിച്ച് ആരോഗ്യത്തെ ബാധിക്കുന്ന കാര്യമെന്ന നിലയിലാണ് ന്യൂസിലന്‍ഡില്‍ ഗര്‍ഭഛിദ്രം കണക്കാക്കപ്പെടുക. ആദ്യ 20 ആഴ്ചകളില്‍ ഗര്‍ഭഛിദ്രമെന്ന ആവശ്യവുമായി ആശുപത്രികളെ സമീപിക്കാന്‍ ഉതകുന്നതാണ് നീക്കം. പാസായ ബില്ലിന് ഗവര്‍ണര്‍ ജനറല്‍ അംഗീകാരം നല്‍കുന്നതോടെ നിയം പ്രാബല്യത്തില്‍ വരും. 20 ആഴ്ചകള്‍ക്ക് ശേഷം ഡോക്ടറുടെ സാക്ഷ്യപത്രത്തിന്‍റെ സഹായത്തോടെ ഗര്‍ഭഛിദ്രം നടത്താനുള്ള അനുമതിക്കും ബില്ലില്‍ നിര്‍ദേശമുണ്ട്. ക്ലിനിക്കലി ഉചിതമെന്ന് കണ്ടെത്തുന്ന കേസുകളില്‍ ഗര്‍ഭഛിദ്രം നടത്തുന്നതിന് ന്യൂസിലന്‍ഡില്‍ ഇനി നിയമപരമായ തടസങ്ങളുണ്ടാവില്ല. സ്വന്തം ഗർഭത്തെക്കുറിച്ച് തീരുമാനമെടുക്കേണ്ടത് സ്ത്രീകളാണ്. അതിനാലാണ് ഗർഭച്ഛിദ്രം നടത്താനുള്ള കാലയളവ് ഉയർത്തുന്നതെന്നാണ് ബില്ലിനെ പിന്തുണച്ച അംഗങ്ങള്‍ പ്രതികരിച്ചത്. 

എന്നാല്‍ തീരുമാനം ആരോഗ്യരംഗത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉചിതമല്ലെന്ന് നിരവധിപ്പേര്‍ ഇതിനോടകം വിമര്‍ശനം ഉയര്‍ത്തിക്കഴിഞ്ഞു. ഗര്‍ഭം ധരിക്കണമോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കുന്നത് സ്ത്രീകളുടെ അവകാശമെന്നാണ് ബില്‍ അവതരിപ്പിച്ച ആന്‍ഡ്രൂ ലിറ്റില്‍ വിശദമാക്കിയത്. ബില്‍ അവതരണത്തിന് ഇടയില്‍ ക്രിസ്തീയ വിശ്വാസം പിന്തുടരുന്ന അംഗങ്ങളുടെ വികാരപരമായ പ്രസംഗങ്ങള്‍ക്കും ന്യൂസിലന്‍ഡ് വേദിയായി. 

ഏതാനും മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ത്യയില്‍ ഗർഭഛിദ്രം നടത്താനുള്ള അനുവദനീയമായ കാലയളവ് 24 ആഴ്ചയായി കേന്ദ്ര സർക്കാർ ഉയർത്തിയത്. 1971ലെ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് ഭേദഗതി ബില്ലിന് (2020) കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഈ നീക്കമെന്നായിരുന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വിശദമാക്കിയത്. 

click me!