കൊറോണ ഭീതി: ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

Web Desk   | Asianet News
Published : Jan 26, 2020, 11:09 PM ISTUpdated : Jan 27, 2020, 12:01 AM IST
കൊറോണ ഭീതി: ചൈനയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് റദ്ദാക്കി

Synopsis

ഇൻഡോർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് നടത്താവുന്ന സ്ഥിതിയാണോ എന്ന് പരിശോധിച്ച് വരികയാണെന്ന് ലോക അത്‍ലറ്റിക്സ് ഫെഡറേഷനും ഏഷ്യൻ അത്‍ലറ്റിക് അസോസിയേഷനും നേരത്തേ വ്യക്തമാക്കിയിരുന്നു. ലോകാരോഗ്യസംഘടനയുമായിക്കൂടി ചർച്ച നടത്തിയ ശേഷമാണ് ചാമ്പ്യൻഷിപ്പ് റദ്ദാക്കിയത്. 

ബീജിംഗ്: കൊറോണ വൈറസ് ഭീതിയെത്തുടർന്ന് ചൈനയിലെ ഹോങ്ചോയിൽ നടത്താനിരുന്ന ഏഷ്യൻ ഇൻഡോർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് റദ്ദാക്കി. കൊറോണ വൈറസ് ബാധ ആദ്യം റിപ്പോർട്ട് ചെയ്യുകയും പടർന്ന് പിടിക്കുകയും ചെയ്ത വുഹാൻ നഗരത്തിൽ നിന്ന് ഏതാണ്ട് 600 കിലോമീറ്റർ മാത്രം അകലെയുള്ള ഹോങ്‍ചോയിൽ നിരവധി ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ നടത്തുന്ന ഒരു പരിപാടി നടത്തുന്നത് സുരക്ഷിതമല്ലെന്ന് കണ്ടാണ് പരിപാടി റദ്ദാക്കാൻ ഏഷ്യൻ അത്‍ലറ്റിക് അസോസിയേഷൻ തീരുമാനിച്ചത്. 

ഫെബ്രുവരി 12, 13 തീയതികളിൽ നടത്താനിരുന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പാണ് റദ്ദാക്കിയത്. ഇതോടെ മാർച്ചിൽ ചൈനയിൽത്തന്നെ നടക്കാനിരിക്കുന്ന ലോക ഇൻഡോർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പും അനിശ്ചിതത്വത്തിലായി. കൊറോണവൈറസ് രാജ്യത്ത് തീപടർന്നു പിടിക്കുന്നത് പോലെ വ്യാപിക്കുകയാണെന്നും ജാഗ്രത വേണമെന്നും ചൈനീസ് പ്രസിഡന്‍റ് സി ജിൻപിങ് മുന്നറിയിപ്പ് നൽകിയിരുന്നു. 

ലോകാരോഗ്യസംഘടനയുമായി അടക്കം വിശദമായ ചർച്ചകൾ നടത്തിയ ശേഷമാണ് ചാമ്പ്യൻഷിപ്പ് റദ്ദാക്കാൻ ഏഷ്യൻ അത്‍ലറ്റിക് അസോസിയേഷൻ തീരുമാനിച്ചത്. ലോക ഇൻഡോർ അത്‍ലറ്റിക് മീറ്റ് നടത്താൻ ഇനി ഏതാണ്ട് ഏഴ് ആഴ്ച മാത്രമാണ് സമയം ബാക്കിയുള്ളത്. അതിനകം രാജ്യത്തെ കൊറോണ വൈറസ് ബാധ നിയന്ത്രണവിധേയമാകുമെന്നാണ് പ്രതീക്ഷയെന്നാണ് ഏഷ്യൻ അത്‍ലറ്റിക് അസോസിയേഷൻ പറയുന്നത്. എന്നാൽ വൈറസ് ബാധ ആദ്യം പടർന്നുപിടിച്ച വുഹാനിൽ നിന്ന് 450 കിലമോമീറ്റർ മാത്രമേയുള്ളൂ ലോക ചാമ്പ്യൻഷിപ്പ് നടക്കാനിരിക്കുന്ന നാൻജിങിലേക്ക്. 

അതേസമയം, കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. ഇതുവരെ വൈറസ് ബാധിച്ചത് 2008 പേർക്കാണ്. അതിൽ 23 പേർ വിദേശപൗരൻമാരുമാണ്. 

കൊറോണ വൈറസ് എന്ന ന്യുമോണിയ രോഗബാധ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടത് മധ്യചൈനയിലെ ഹുബെയ് പ്രവിശ്യയിലുള്ള വുഹാൻ നഗരത്തിലാണ്. 2019 ഡിസംബറിലാണ് ആദ്യരോഗബാധ സ്ഥിരീകരിച്ചത്. 11 മില്യൺ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ നഗരം പൂർണമായി അടച്ചിരിക്കുകയാണ് സർക്കാർ. ഇവിടെ നിന്ന് ആർക്കും പുറത്തുപോകാനോ നഗരത്തിലേക്ക് വരാനോ ആകില്ല. രോഗം പടർന്ന് പിടിക്കുന്നത് തടയാനാണിത്. വുഹാന് പുറമേ, രോഗബാധ സ്ഥിരീകരിച്ച മറ്റ് 12 നഗരങ്ങളും ചൈനീസ് സർക്കാർ അടച്ചിട്ടിട്ടുണ്ട്. ദ്രുതഗതിയിൽ കൊറോണ രോഗബാധിതകർക്ക് മാത്രം വേണ്ടി ഒരു ആശുപത്രി പണിയുകയാണ് ചൈനീസ് സർക്കാർ. ദിവസങ്ങൾക്കകം ഇതിന്‍റെ പണി പൂർത്തിയാകുമെന്നും പ്രവർത്തനക്ഷമമാകുമെന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബോണ്ടി വെടിവയ്പ്, പരിക്കേറ്റ പ്രതിക്കെതിരെ 15 പേരുടെ കൊലപാതകം അടക്കം 59 കുറ്റങ്ങൾ
'ദരിദ്ര രാജ്യങ്ങളും പലസ്തീൻ നിലപാടും നിർണായകമായി', കൂടുതൽ രാജ്യങ്ങൾക്ക് അമേരിക്കയുടെ യാത്രാ വിലക്ക്