നാടിനെ കൊറോണ വിഴുങ്ങിയപ്പോള്‍ വിവാഹം മാറ്റിവെച്ച് സേവനത്തില്‍ മുഴുകി; ഒടുവിൽ അതേ വൈറസ് ഡോക്ടറുടെ ജീവനെടുത്തു

By Web TeamFirst Published Feb 22, 2020, 10:46 AM IST
Highlights

ആരോ​ഗ്യനില മോശമായതിനെ തുർന്ന് ബുധനാഴ്ച പെങ്ങിനെ വുഹാനിലെ ജിൻ യിന്റാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വുഹാൻ: കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനായി സ്വന്തം വിവാഹം പോലും നീട്ടിവച്ച യുവഡോക്ടർ അതേ വൈറസ് പിടിപ്പെട്ട് മരിച്ചു. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ ജിയാൻഷിയ ജില്ലയിലെ പീപ്പിൾസ് നമ്പർ വൺ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഡോ. പെങ് യിൻഹുവ (29) ആണ് മരിച്ചത്. കൊറോണ വൈറസ് ബാധയെ തുടർന്ന് ജനുവരി 25നാണ് പെങ്ങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ആരോ​ഗ്യനില മോശമായതിനെ തുർന്ന് ബുധനാഴ്ച പെങ്ങിനെ വുഹാനിലെ ജിൻ യിന്റാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വ്യാഴാഴ്ച രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചൈനീസ് പുതുവത്സരദിനത്തിലായിരുന്നു പെങ്ങിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാൽ, കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നവരെ ശ്രുശൂഷിക്കുന്നതിനിടെ വിവാഹം കഴിക്കാൻ സാധിക്കില്ലെന്നും വിവാഹം നീട്ടിവയ്ക്കണമെന്നും പെങ് വധുവിന്റെ വീട്ടുകാരോട് ആവശ്യപ്പെട്ടു. ഇതുപ്രകാരം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

Read More: കൊറോണയെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

വിവാഹം ക്ഷണിക്കുന്നതിനായി കരുതിവച്ച ക്ഷണക്കത്തുകൾ പെങ്ങിന്റെ ഓഫീസിലെ മേശപ്പുറത്ത് തന്നെ ഇരിക്കുകയാണ്. അതൊന്ന് അയക്കാൻ പോലും അദ്ദേഹം തന്റെ ഡ്യൂട്ടിക്കിടെ മെനക്കെട്ടിരുന്നില്ലെന്നും തന്റെ കടമകളെക്കുറിച്ച് വ്യക്തമായ ബോധ്യമുള്ള ഉത്തമനായ ഡോ‍ക്ടറാണ് പെങ് എന്നും ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ചൈനയിൽ‌ കൊറോണയ്ക്കെതിരായുള്ള പോരാട്ടത്തിനിടെ ജീവൻ നഷ്ടമാകുന്ന ഒമ്പതാമത്തെ ആരോഗ്യപ്രവർത്തകനാണ് ഡോ. പെങ്. കൊറോണ വൈറസിനെ കുറിച്ച് ആദ്യമായി വിവരം നൽകിയ മുപ്പത്തിനാലുകാരനായ ലീ വെന്‍ലിയാങ്ങ് ഫെബ്രുവരി ഏഴിന് മരണപ്പെട്ടിരുന്നു. ചൈനയിലെ വുഹാനില്‍ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നുവെന്ന് ആദ്യം ലോകത്തെ അറിയിച്ചത് ലീ ആയിരുന്നു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്നു അദ്ദേഹം. ഇതിന് പിന്നാലെ വുഹാനിലെ വുചാങ് ആശുപത്രി ഡയറക്ടറും ന്യൂറോ സർജറി വിദ​ഗ്ധനുമായ ലിയു ഷിമിംഗും കൊറോണ വൈറസ് ബാധിച്ച് ഫെബ്രുവരി 18ന് മരിച്ചിരുന്നു.

Read More: വുഹാനിൽ കൊറോണ വൈറസ് ബാധിച്ച് മറ്റൊരു ഡോക്ടർ കൂടി മരിച്ചു

അതേസമയം, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ  എണ്ണം 2250 ആയി. 76,794 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 118 പേർ വെള്ളിയാഴ്ച മരിച്ചതായി ചൈനീസ് ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. അതിനിടെ ചൈനയിലെ ജയിലുകളിൽ വൈറസ് ബാധ പടരുന്നത് ആശങ്കയുയർത്തുന്നുണ്ട്. വ്യാഴാഴ്ച മാത്രം ജയിലുകളിൽ കഴിയുന്ന 271 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. വുഹാൻ നഗരത്തിലെ വനിതാ ജയിലിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യതിട്ടുള്ളതെന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Read More: 10 മിനിറ്റിൽ വിവാഹം കഴിച്ചു, കൊറോണ രോ​ഗികളെ ചികിത്സിക്കാനെത്തി; ഇതാ വ്യത്യസ്തനായൊരു ഡോക്ടര്‍

 

  

click me!