
ടാന്‍സാനിയയില്‍ കൊവിഡ് 19 ബാധ കണ്ടെത്താനുള്ള ടെസ്റ്റ് കിറ്റ് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ടാന്‍സാനിയയില്‍ ഉപയോഗിച്ചിരുന്ന ടെസ്റ്റ് കിറ്റുകള്‍ റദ്ദാക്കാന്‍ പ്രസിഡന്‍റ് ജോണ്‍ മഗുഫുലി നിര്‍ദേശം നല്‍കി. കിറ്റ് ഉപയോഗിച്ച് പരിശോധിച്ച ആടും പപ്പായയും അടക്കമുള്ളവ കൊവിഡ് 19 പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെയാണ് തീരുമാനം. ടെക്നിക്കല്‍ തകരാറുകള്‍ ചൂണ്ടിക്കാണിച്ചാണ് തീരുമാനം.
രാജ്യത്തെ കൊറോണ വൈറസ് ബാധയെക്കുറിച്ചുള്ള വിവരങ്ങള്‍ മറച്ചുവെച്ചതിന് ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട രാജ്യമാണ് ടാന്‍സാനിയ. വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത കിറ്റുകളാണ് ഉപയോഗിച്ചതെന്നാണ് ജോണ്‍ മഗുഫുലി വിശദമാക്കുന്നത്. എന്നാല്‍ എവിടെ നിന്നാണ് ഇറക്കുമതി ചെയ്തതെന്ന് വിശദമാക്കാന്‍ ജോണ്‍ മഗുഫുലി തയ്യാറായില്ല. കിറ്റുകളുടെ നിലവാരം ഉറപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമായാണ് മനുഷ്യന്‍റെ അല്ലാതെയുള്ള വിവിധ സാംപിളുകള്‍ പരിശോധിച്ചത്.
പപ്പായ, ആട് എന്നിവയടക്കമുള്ളവയുടെ സാംപിളുകളാണ് കിറ്റില്‍ പരിശോധിച്ചത്. ഈ സാംപിളുകള്‍ക്ക് മനുഷ്യരുടെ പേരുകളും പ്രായവും രേഖപ്പെടുത്തിയാണ് സാംപിളുകള്‍ ലാബില്‍ നല്‍കിയത്. എന്നാല്‍ സാംപിളുകള്‍ എന്തില്‍ നിന്നാണെന്നത് ലാബ് ജീവനക്കാര്‍ അറിഞ്ഞിരുന്നില്ല. കൊറോണ വൈറസ് സാന്നിധ്യം ഈ സാംപിളുകളില്‍ സ്ഥിരീകരിക്കുകയായിരുന്നു. വൈറസ് ബാധിതരല്ലാത്ത ചിലര്‍ നേരത്തെ പോസിറ്റീവ് എന്ന് റിസല്‍ട്ട് വന്നതോടെയാണ് ഇത്തരമൊരു ഗുണനിലവാര പരിശോധന നടത്തിയത്.
ഈ കിറ്റുകളെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് ടാന്‍സാനിയന്‍ പ്രസിഡന്‍റ് വ്യക്തമാക്കി. 480 കേസുകളാണ് ഇതിനോടകം ടാന്‍സാനിയയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 17 പേരാണ് കൊവിഡ് 19 ബാധിച്ച് ടാന്‍സാനിയയില്‍ മരിച്ചത്. അമേരിക്കയെ അപേക്ഷിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വൈറസ് വ്യാപനം കുറവാണെന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam