
ന്യൂയോർക്ക്: വ്യാജ ഡോക്ടർ നടത്തിയ സൗന്ദര്യവർദ്ധക ശസ്ത്രക്രിയയ്ക്കിടെ കോമയിലായ യുവതിക്ക് ദാരുണാന്ത്യം. മറ്റൊരു ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും വിജയം കണ്ടില്ല. രണ്ട് കുട്ടികളുടെ അമ്മയായ 31കാരി മരിയ പെനലോസയാണ് മരിച്ചത്. കൊളംബിയൻ സ്വദേശിയായ ഇവർ ക്യൂൻസിലെ ഒരു ക്ലിനിക്കിലാണ് വ്യാജ ഡോക്ടറുടെ ശസ്ത്രക്രിയക്ക് വിധേയയായത്.
മാർച്ച് 28നാണ് മരിയ സൗന്ദര്യ വർദ്ധക ചികിത്സ തേടി ഫിലിപ് ഹോയോസ് എന്നയാളുടെ ക്ലിനിക്കിലെത്തിയത്. ഇയാൾ അനസ്തേഷ്യ നൽകാനായി ലിഡോകൈൻ എന്ന മരുന്ന് കുത്തിവെച്ചു. ശരിയായ അളവിൽ നൽകിയാൽ പൊതുവെ സുരക്ഷിതമായി വിലയിരുത്തപ്പെടുന്ന ഈ മരുന്ന് കൃത്യമായ ഡോസിൽ യഥാവിധി നൽകാത്തതാണ് മരിയയുടെ ആരോഗ്യനില ഗുരുതരമാക്കിയത്. തുടർന്ന് കോമയിലായ യുവതി രണ്ടാഴ്ച കഴിഞ്ഞ് മരണപ്പെടുകയായിരുന്നു.
നേരത്തെ മരിയയുടെ ഒരു സുഹൃത്ത് ഈ വ്യാജ ഡോക്ടറുടെ ക്ലിനിക്കിൽ ഒരു ശസ്ത്ര്കിയയ്ക്ക് പോയിരുന്നു. ഇവരാണ് ഈ സ്ഥലം മരിയയോടും ഉപദേശിച്ചതെന്ന് സഹോദരി പറഞ്ഞു. ഒരു സുഹൃത്തിനൊപ്പമാണ് മരിയ അന്ന് ക്ലിനിക്കിലെത്തിയത്. ഇടയ്ക്ക് വെച്ച് മരിയയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോയെന്നും സ്ഥിതി ഗുരുതരമാണെന്ന് അറിഞ്ഞിരുന്നില്ലെന്നും സഹോദരി വിവരിച്ചു.
ആംബുലൻസിൽ മറ്റൊരു ആശുപത്രിയിൽ എത്തിച്ച യുവതിക്ക് വെന്റിലേറ്റർ സഹായം ലഭ്യമാക്കുകയും ജീവൻ രക്ഷിക്കാൻ രണ്ടര മണിക്കൂറോളം ഡോക്ടർമാരും ജീവനക്കാരും പരിശ്രമിക്കുകയും ചെയ്തെങ്കിലും പരാജയപ്പെട്ടു. തലച്ചോറിന്റെ പ്രവർത്തനം നിലച്ചതായി പിന്നീട് സ്ഥിരീകരിച്ചു. രോഗി രക്ഷപ്പെടാൻ സാധ്യതയില്ലെന്നും ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. കൊളംബിയയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ പിടിയിലായത്. ഇയാളുടെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് പിന്തുടർന്ന പൊലീസ്, ഇയാൾ വാൻവിക് എക്സ്പ്രസ് വേയിലൂടെ സഞ്ചരിച്ചത് കണ്ടെത്തി പിന്തുടർന്നു. ഇയാൾക്കെതിരെ കൊലപാതക കുറ്റവും യോഗ്യതയില്ലാതെ ചികിത്സ നടത്തിയതിനുൾപ്പെടെയുള്ള മറ്റ് കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. മെഡിക്കൽ റിപ്പോർട്ടുകൾ ഇനിയും ലഭ്യമാവേണ്ടതുണ്ട്. അനസ്തേഷ്യ നൽകാനായി ഉപയോഗിച്ച മരുന്നിന്റെ ഓവർ ഡോസാണ് രോഗിയുടെ ഗുരുതരാവസ്ഥയ്ക്കും മരണത്തിനും കാരണമായതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം