ജീവിത പങ്കാളികളുടെ വേര്‍പാടിന്‍റെ ആഘാതം മറികടക്കാന്‍ അതിജീവന ക്ലാസിലെത്തി; 86 കാരന് കൂട്ടായി 70 കാരി

By Web TeamFirst Published Dec 6, 2022, 7:09 PM IST
Highlights

ആദ്യ വിവാഹങ്ങളില്‍ പൂര്‍ണ തൃപ്തരായിരുന്ന ഇരുവര്‍ക്കും പങ്കാളികളുടെ വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ ഇവരെ അതിജീവന ക്ലാസിന് പോകാന്‍ നിര്‍ബന്ധിക്കുന്നത്.

ജീവിത പങ്കാളികളുടെ വേര്‍പാടിന് പിന്നാലെ അതിജീവന ഗ്രൂപ്പില്‍ നിന്ന് പങ്കാളിയെ കണ്ടെത്തി വയോധികര്‍. ജോര്‍ജ് പാമര്‍ എന്ന 86കാരനും റൂത്ത് വോള്‍വ്സ് എന്ന 70 കാരിയും ആദ്യമായി കാണുന്നത് ഇരുവരുടേയും ജീവിത പങ്കാളികള്‍ നഷ്ടമായതിന്‍റെ ആഘാതം അതിജീവിക്കാനുള്ള ശ്രമത്തിനിടയിലാണ്. ഇരുവരും തമ്മിലുള്ള സൌഹൃദം പ്രണയത്തിലേക്ക് നീണ്ടു. പിന്നാലെ ജിബ്രാള്‍ട്ടറില്‍ വച്ച് നടന്ന ചടങ്ങില്‍ ഇരുവരും വിവാഹിതരാവുകയായിരുന്നു. ജിബ്രാള്‍ട്ടറിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ വച്ചായിരുന്നു വേറിട്ട വിവാഹ ചടങ്ങുകള്‍ നടന്നത്.

61കാരിയായ ഭാര്യയുടെ മരണത്തിന് പിന്നാലെയാണ് പാമര്‍ ഈ ഗ്രൂപ്പില്‍ ചേരുന്നത്. ഭാര്യയ്ക്ക് പിന്നാലെ മകന്‍ കൂടി മരിച്ചതിന്‍റെ ആഘാതം പാമറിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ആദ്യ വിവാഹങ്ങളില്‍ പൂര്‍ണ തൃപ്തരായിരുന്ന ഇരുവര്‍ക്കും പങ്കാളികളുടെ വേര്‍പാട് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെയാണ് ബന്ധുക്കള്‍ ഇവരെ അതിജീവന ക്ലാസിന് പോകാന്‍ നിര്‍ബന്ധിക്കുന്നത്. സുഹൃദ് ബന്ധം ഒരു വര്‍ഷം നീണ്ട ശേഷമാണ് ഇനിയുള്ള യാത്ര ഒരുമിച്ചാക്കിയാലോയെന്ന് പാമര്‍ റൂത്തിനോട് ചോദിക്കുന്നത്. റൂത്തിനും ഇതില്‍ എതിര്‍ അഭിപ്രായമില്ലായിരുന്നു.

ബന്ധുക്കള്‍ കൂടി പിന്തുണ പ്രഖ്യാപിച്ചതോടെ ഇറ്റലിയില്‍ വച്ച് ഇവര്‍ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും അതിജീവന ക്ലാസിലെ മറ്റ് സുഹൃത്തുക്കളുമാണ് ചടങ്ങുകള്‍ക്ക് സാക്ഷിയായത്.  പുതിയ പങ്കാളികളെ ലഭിച്ചെങ്കിലും ക്ലാസിലേക്ക് പോകാന് ഇവര്‍ മടിക്കാറില്ല. പുതിയ ജീവിതത്തിന് തുടക്കമിട്ട ക്ലാസിനെ അങ്ങനെ ഒഴിവാക്കാന്‍ പറ്റുമോയെന്നാണ് ദമ്പതികള്‍ ചോദിക്കുന്നത്. വേദന നിറഞ്ഞ കാലം അതിജീവിക്കാന്‍ സഹായം തേടിയെത്തിയ ഗ്രൂപ്പ് ഒടുവില്‍ പുതിയൊരു ജീവിതത്തിലേക്കുള്ള അവസരമ നല്‍കിയതിന്‍റെ സന്തോഷം ഇരുവരും മറച്ച് വയ്ക്കുന്നില്ല. ഇത്തരം ഗ്രൂപ്പുകള്‍ പ്രായമായവര്‍ക്ക് അവഗണിക്കപ്പെടുന്ന തോന്നല്‍ ഒഴിവാകാന്‍ സഹായകരമാകുമെന്നും ഇവര്‍ നിരീക്ഷിക്കുന്നു

click me!