പാര്‍ട്ടിയിലെ സ്മോക്ക് ബോംബ്; കത്തിനശിച്ചത് 22000 ഏക്കര്‍ വനം, ദമ്പതികള്‍ക്കെതിരെ നടപടിയുമായി കോടതി

By Web TeamFirst Published Jul 21, 2021, 3:49 PM IST
Highlights

പിറക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് പ്രഖ്യാപിക്കുന്ന ചടങ്ങിലുപയോഗിച്ച സ്മോക്ക് ബോംബായിരുന്നു കാലിഫോര്‍ണിയ കണ്ട ഏറ്റവും വലിയ കാട്ടുതീ പടരലിന് കാരണമായത്. 23 ദിവസം നീണ്ട കാട്ടുതീ തടയാനുള്ള ശ്രമങ്ങള്‍ക്കിടെ ഒരു അഗ്നിശമനസേനാംഗം മരിച്ചിരുന്നു.

അഗ്നിശമനാ സേനാംഗത്തിന്‍റെ ജീവന്‍ നഷ്ടമാകാനും 22000 ഏക്കര്‍ സ്ഥലം കാട്ടുതീ മൂലം നശിക്കാനും കാരണമായ ദമ്പതികള്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാതെയുള്ള നരഹത്യാക്കുറ്റം ചുമത്തി. ദക്ഷിണ കാലിഫോര്‍ണിയയിലാണ് സംഭവം. റഫ്യൂജിയോ മാനുവല്‍ ജിമനേസ് ജൂനിയര്‍ ഭാര്യ ഏയ്ഞ്ചല റെനെ ജിമനേസ് എന്നിവര്‍ക്കെതിരെയാണ് മനപ്പൂര്‍വ്വമല്ലാതുള്ള നരഹത്യാക്കുറ്റം ചുമത്തിയത്. 2020 സെപ്തംബര്‍ 5ന് യുകാപിയക്ക് സമീപമുള്ള എല്‍ ഡൊറാഡോ പാര്‍ക്കിലാണ് അഗ്നിബാധ ആരംഭിച്ചത്. 23 ദിവസമാണ് ഈ കാട്ടുതീ നീണ്ടുനിന്നത്.  വരണ്ട കാലാവസ്ഥയില്‍ ഉഷ്ണക്കാറ്റിനൊപ്പം പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമത്തിനിടെയുണ്ടായ അപകടത്തില്‍ ഒരു അഗ്നിശമനസേനാംഗം മരിച്ചിരുന്നു.

നിരവധിപ്പേര്‍ക്ക് വീട് വിട്ട് പലായനം ചെയ്യേണ്ടി വരികയും നിരവധി കെട്ടിടങ്ങളും വീടുകളും കത്തിനശിക്കുന്നതിനും കാരണമായത് ഒരു ചെറിയ ചടങ്ങായിരുന്നു. റഫ്യൂജിയോ മാനുവല്‍ ജിമനേസ് ജൂനിയറിന്‍റേയും ഭാര്യ ഏയ്ഞ്ചല റെനെ ജിമനേസിന്‍റേയും കുട്ടിയുടെ ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടി(പിറക്കാനിരിക്കുന്ന കുഞ്ഞ് ആണോ പെണ്ണോ എന്ന് പ്രഖ്യാപിക്കുന്ന ചടങ്ങ്)ക്കിടെ നടത്തിയ സ്മോക്ക് ബോംബ് പൊട്ടിക്കലായിരുന്നു വന്‍ അഗ്നിബാധയിലേക്ക് വഴി തെളിച്ചത്. വരണ്ട കാലാവസ്ഥയില്‍ സ്മോക്ക് ബോംബില്‍ നിന്ന് തീ വളരെ വേഗത്തില്‍ പടരുകയായിരുന്നു. ദക്ഷിണ കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോ കൌണ്ടി കോടതിയാണ് സംഭവത്തില്‍ ദമ്പതികള്‍ക്ക് മേലെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാക്കുറ്റം ചുമത്തിയത്.

സ്മോക്ക് ബോംബ് മൂലമാണ് തീ പടര്‍ന്നതെന്ന് കോടതി വിലയിരുത്തിയത്. അതിനാലാണ് സംഭവ സ്ഥലത്തേക്ക് അഗ്നിശമന സേനാംഗം ചാര്‍ളി മോര്‍ട്ടണ് എത്തേണ്ടി വന്നതെന്നും കോടതി വിശദമാക്കി. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ അടക്കം നിരവധിക്കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. കാലിഫോര്‍ണിയയുടെ ചരിത്രത്തിലേ തന്നെ ഏറ്റവും വലിയ കാട്ടുതീബാധയായിരുന്നു 2020ലേത്. ദിവസങ്ങളോളം കാട്ടുതീ ബാധ നിയന്ത്രിക്കാനാവാതെ പോയത് ഗുരുതര കാലാവസ്ഥാ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ വിശദമാക്കുകയും ചെയ്തിരുന്നു. 20 വര്‍ഷം തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് ദമ്പതികളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!