14 ലോക നേതാക്കളുടെ ഫോണ്‍ നമ്പറുകള്‍ ചോര്‍ത്തല്‍ പട്ടികയില്‍; പെഗാസസ് വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍

By Web TeamFirst Published Jul 20, 2021, 11:16 PM IST
Highlights

ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തൽ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. 

ലണ്ടന്‍: ഇസ്രയേല്‍ സ്ഥാപനം എന്‍എസ്ഒയുടെ ചാര സോഫ്റ്റ്വെയര്‍ പെഗാസസ് ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തലില്‍ കൂടുതല്‍ വലിയ വെളിപ്പെടുത്തലുകള്‍. 14 ലോക നേതാക്കളുടെ ഫോൺ നമ്പറുകളും എൻഎസ്ഒയും വിവിരങ്ങള്‍ ചോര്‍ത്താനെന്ന് കരുതുന്ന പട്ടികയിൽ കണ്ടെത്തിയതായാണ് അന്വേഷണ പരമ്പര പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളുടെ പുതിയ റിപ്പോർട്ട്. ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിന്റെ നമ്പറും പെഗാസസ് പട്ടികയിലുണ്ട്.സൗത്ത് ആഫിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുടെ ഫോൺ നമ്പറും പട്ടികയിലുണ്ട്. 34 രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികൾ സൈനിക മേധാവികൾ മുതിർന്ന രാഷ്ട്രീയക്കാർ എന്നിവര്‍ പെഗാസസ് നിരീക്ഷണ പട്ടികയില്‍ എന്നാണ് വെളിപ്പെടുത്തല്‍. 

ഇമ്മാനുവൽ മാക്രോണിനെ നിരീക്ഷിച്ചത് മൊറോക്കോ എന്ന് മാധ്യമ വെളിപ്പെടുത്തൽ പറയുന്നു. പെഗാസസ് പട്ടികയിലെ ലോക നേതാക്കളില്‍ 10 പ്രധാനമന്ത്രിമാരുടെയും മൂന്ന് പ്രസിഡണ്ടുമാരുടേയും ഫോൺ നമ്പര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫ്രഞ്ച് സ്വതന്ത്ര്യ വാര്‍ത്ത സൈറ്റ് ഫോര്‍ബിഡന്‍ സ്റ്റോറീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ 20ഓളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസ് വാര്‍ത്ത പരമ്പരയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

Read More:പെ​ഗാസസ്: 2019-ലെ പ്രതിസന്ധിക്കിടെ കർണാടകയിലെ ജെഡിഎസ് - കോൺ​ഗ്രസ് നേതാക്കളുടെ ഫോണും ചോ‍ർത്തി

അതേ സമയം  പെഗാസസ് മാധ്യമ വെളിപ്പെടുത്തലുകളില്‍ ഫ്രാൻസില്‍ അന്വേഷണം പ്രഖ്യാപിച്ചു. വാ‍ർത്തപോര്‍ട്ടലായ മീഡിയപാര്‍ട്ടിന്‍റെയും രണ്ട് മാധ്യമപ്രവര്‍ത്തകരുടെയും പരാതിയിലാണ് പ്രോസിക്യൂഷന്‍  അന്വേഷണം പ്രഖ്യാപിച്ചത്. മൊറോക്കന്‍ രഹസ്യാന്വേഷണ  ഏജന്‍സി   മീഡിയപാര്‍ട്ടിലെ മാധ്യമപ്രവര്‍ത്തകരെ നിരീക്ഷിച്ചുവെന്ന വെളിപ്പെടുത്തലിന് പിന്നാലെയാണിത്. സ്വകാര്യത ലംഘനമുണ്ടോയോ എന്നതടക്കമുള്ള പത്ത് വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. 2019, 2020 കാലത്തായിരുന്നു മീഡിയപാർട്ടിലെ മാധ്യമ പ്രവർത്തകരെ നിരീക്ഷിച്ചത് എന്നാണ് ആരോപണം.

Read More:വീണ്ടും തലപൊക്കി പെഗാസസ് വിവാദം; മോദി സര്‍ക്കാര്‍ പ്രതിസന്ധിയില്‍

അതേ സമയം ഇന്ത്യയില്‍ പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ പാർലമെൻറ് ഇന്നും സ്തംഭിച്ചു. പെഗാസസ് സ്പൈവെയർ വാങ്ങിയോ എന്ന് സഭയിൽ സർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പരാജയങ്ങൾ കാരണമുള്ള നിരാശ കാരണം പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുന്നതായി പ്രധാനമന്ത്രി ഇന്ന് പാർലമെന്‍റില്‍ ആരോപിച്ചു.

പെഗാസസ് ഫോൺ ചോർത്തൽ വിവാദത്തിൽ തുടർച്ചയായി രണ്ടാം ദിവസമാണ് പാർലമെന്‍റ് സ്തംഭിക്കുന്നത്. പെഗാസസ് വാങ്ങിയോ എന്ന് പ്രതിപക്ഷം ആവർത്തിച്ചു ചോദിച്ചപ്പോൾ എല്ലാം കള്ളപ്രചാരണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചടിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!