
ബീജിംഗ്: അടുത്ത ആഴ്ച നടക്കാനിരിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യോഗത്തിന് മുന്നോടിയായി ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി. ഒരാഴ്ചത്തെ അവധിക്കാലത്ത് പുതിയ പ്രതിദിന കൊവിഡ് 19 കേസുകളുടെ എണ്ണം മൂന്നിരട്ടിയായതിനെ തുടര്‍ന്നാണ് ചൈനയില്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഷാങ്‌സി പ്രവിശ്യയിൽ നടത്തിയ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്ന് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റർ സിസിടിവി റിപ്പോർട്ട് ചെയ്തു.
സമീപത്തെ ഇന്നർ മംഗോളിയന്‍ തലസ്ഥാനമായ ഹോഹോട്ട് നഗരത്തില്‍ നാളെ മുതൽ പ്രവേശനം വിലക്കിയതായാണ് റിപ്പോര്‍ട്ട്. ഏകദേശം 12 ദിവസത്തിനുള്ളിൽ 2,000-ലധികം കൊവിഡ് 19 കേസുകളാണ് നഗരത്തില്‍ രേഖപ്പെടുത്തിയത്. കൊവിഡ് രോഗം പടരാതിരിക്കാന്‍ ഇപ്പോഴും കടുത്ത നടപടികള്‍ തുടരുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് ചൈന. വരുന്ന ഞായറാഴ്ചയാണ് അഞ്ച് വർഷത്തിലൊരിക്കൽ നടക്കുന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാർട്ടി കോൺഗ്രസിന് തുടക്കം കുറിക്കുന്നത്. ഈയവസരത്തില്‍ രാജ്യത്ത് കൊവിഡ് വ്യാപനം കുറയ്ക്കുകയാണ് ലക്ഷ്യം. ഒക്ടോബർ 1-ന് ആരംഭിച്ച വാർഷിക ദേശീയ ദിന അവധിക്കാലത്ത്, നഗരങ്ങളില്‍ നിന്നും പ്രവിശ്യകളില്‍ നിന്നും ജനങ്ങള്‍ യാത്രപോകുന്നത് സര്‍ക്കാര്‍ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നിട്ടും പുതിയ പ്രതിദിന കേസുകളുടെ എണ്ണം 600 ൽ നിന്ന് 1,800 ആയി വർദ്ധിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്‍റെ 'സീറോ കൊവിഡ്' സമീപനം രാജ്യത്ത് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിയത്. പ്രത്യേകിച്ച് ചെറുകിട ബിസിനസുകാരെയും താത്കാലിക തൊഴിലാളികളെയും സര്‍ക്കാറിന്‍റെ സീറോ കൊവിഡ് നിയന്ത്രണം ഏറെ ദോഷകരമായി ബാധിച്ചു. രാജ്യത്തുടനീളം പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്നർ മംഗോളിയയിലും വിദൂര പടിഞ്ഞാറൻ സിൻജിയാങ് മേഖലയിലുമാണ് ഏറ്റവും കൂടുതല്‍ വ്യാപനം റിപ്പോര്‍ട്ട് ചെയ്തത്. നീണ്ട ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് തലസ്ഥാനമായ ബീജിംഗില്‍ കേസുകളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍, ബീജിംഗിലും പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഷാങ്ഹായ് ജില്ലയിലെ സിനിമാശാലകളും മറ്റ് വിനോദ വേദികളും അടച്ചുപൂട്ടി. ബീജിംഗിലും മറ്റ് നഗരങ്ങളിലെയും പാർക്കുകൾ, ഓഫീസ് കെട്ടിടങ്ങൾ, കടകൾ, മറ്റ് പൊതു സ്ഥലങ്ങൾ എന്നിവയിൽ പ്രവേശിക്കുന്നതിന് 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ് പരിശോധനയുടെ നെഗറ്റീവ് ഫലം ആവശ്യമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam