ഹിജാബ് പ്രതിഷേധം: ഇറാനില്‍‌ രണ്ട് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു; ആകെ മരണം 185

Published : Oct 10, 2022, 02:30 PM ISTUpdated : Oct 10, 2022, 02:38 PM IST
ഹിജാബ് പ്രതിഷേധം: ഇറാനില്‍‌ രണ്ട് സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു; ആകെ മരണം 185

Synopsis

മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു. 


ടെഹ്റാന്‍:ആഴ്ചകളായി ഇറാനില്‍ തുടരുന്ന പ്രതിഷേധത്തിനിടെ ഇന്നലെ രണ്ട് സുരക്ഷാ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടു. ഇതോടെ മഹ്സ അമിനിയുടെ മരണത്തിന് പിന്നാലെ ഇറാനില്‍ ആരംഭിച്ച പ്രതിഷേധങ്ങളില്‍ മരിച്ചവരുടെ എണ്ണം 185 ആയി. ഇതില്‍ 19 കുട്ടികളും ഉള്‍പ്പെടുന്നു. കുര്‍ദ് വംശജയായ 22 വയസുകാരി മഹ്സ അമിനി, സഹോദരനൊപ്പം ടെഹ്റാനിലെത്തിയപ്പോള്‍ ഹിജാബ് ശരിയായി ധരിച്ചില്ലെന്നാരോപിച്ച് ഇറാനിലെ മതപൊലീസ് ഇവരെ ക്രൂരമായ മര്‍ദ്ദനത്തിന് വിധേയയാക്കിയിരുന്നു. മര്‍ദ്ദനത്തിന് പിന്നാലെ സെപ്തംബർ 16 ന് മഹ്സ മരണത്തിന് കീഴടങ്ങി. ഇതിന് പിന്നാലെയാണ് ഇറാനില്‍ പ്രതിഷേധം ആരംഭിച്ചത്. രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും സ്ത്രീകളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതോടെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ഇറാന്‍ പൊലീസ് രംഗത്തെത്തിയിരുന്നു. 

കുർദിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ സാനന്ദാജിൽ നടന്ന പ്രതിഷേധത്തിനിടെ ശനിയാഴ്ച ഇസ്ലാമിക് റെവല്യൂഷൻ ഗാർഡ് കോർപ്‌സ് (ഐആർജിസി) അംഗവും ബാസിജ് അർദ്ധസൈനിക വിഭാഗത്തിലെ ഒരു അംഗവും കൊല്ലപ്പെട്ടതായി ഇറാനിയൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നടന്ന പ്രതിഷേധങ്ങളിൽ IRGC, ബാസിജ്, തുടങ്ങിയ സുരക്ഷാ സേനയിലെ 20 അംഗങ്ങൾ കൊല്ലപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ സുരക്ഷാ സേന നിരവധി സ്കൂൾ കുട്ടികളെ സ്കൂൾ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്തതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. കൂടാതെ, കുർദിസ്ഥാനിലെ എല്ലാ സ്കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇറാനിയൻ അധികൃതർ അടച്ചു.

പ്രതിഷേധം പലപ്പോഴും കലാപ സമാനമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകവും വെടിവയ്പ്പും നടത്തി. എന്നാല്‍, പ്രതിഷേധം രാജ്യമെമ്പാടും വ്യാപിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. ഇതിനിടെയാണ് പ്രതിഷേധത്തിനിടെ ഇറാന്‍റെ സുരക്ഷാ സേനയിലെ രണ്ട് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തത്. സ്ത്രീകളുടെ  വസ്ത്രധാരണത്തെ സംബന്ധിച്ച് പ്രത്യേക നിയമം പുറത്തിറക്കി ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു മഹ്സ അമിനിയെ മത പൊലീസ് പിടികൂടി മര്‍ദ്ദിച്ചത്. മത പൊലീസിന്‍റെ ക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്ന മഹ്സ അമിനി ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങി. 

മഹ്സ അമിനിയുടെ മരണത്തില്‍ അനുശോചനം അറിയിച്ച രാജ്യത്തെ പരമോന്നത നേതാവ് അയത്തുള്ള ഖമെനി, പ്രതിഷേധക്കാര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് പിന്തുണ ലഭിക്കുന്നുണ്ടെന്ന് ആരോപിക്കുകയും പ്രതിഷേധക്കാരെ ശക്തമായി നേരിടുമെന്നും പറഞ്ഞു. ഇതിന് പിന്നാലെ ടെഹ്റാന്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധിക്കുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സുരക്ഷാ സേന വെടിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രതിഷേധക്കാര്‍ പള്ളികള്‍ക്കും ബാസിജ് സെന്‍ററുകള്‍ക്കും നേരെ പെട്രോള്‍ ബോംബുകളെറിഞ്ഞതായി ഔദ്യോഗിക വാർത്താ ഏജൻസി ഇർന റിപ്പോർട്ട് ചെയ്തു. ആഴ്ചകള്‍ക്ക് ശേഷവും പ്രതിഷേധം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യപിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

PREV
click me!

Recommended Stories

സമാധാന ചർച്ചകൾ മൂന്നാം ദിനത്തിൽ, യുക്രൈന് നേരെ ആക്രമണം കടുപ്പിച്ച് റഷ്യ, ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
ഡ്യൂറൻഡ് ലൈനിൽ വീണ്ടും സംഘർഷം, പാകിസ്താനും അഫ്ഗാനിസ്താനും ഏറ്റുമുട്ടി, 5 പേർ കൊല്ലപ്പെട്ടു