കൊവിഡില്‍ വിറങ്ങലിച്ച് അമേരിക്ക; രോഗ ബാധിതരുടെ എണ്ണം 9 ലക്ഷം; മരണം അരലക്ഷം

By Web TeamFirst Published Apr 24, 2020, 7:31 AM IST
Highlights

അമേരിക്കയിലെ കൊവിഡ് പ്രതിസന്ധിയെ കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാന്‍ ജനപ്രതിനിധി സഭ തീരുമാനിച്ചു. ഇതിനകം 85000ത്തിലധികം പേര്‍ സംഖംപ്രാപിച്ചു എന്നാണ് കണക്ക്.

ന്യൂയോര്‍ക്ക്: അമേരിക്കയിലെ കൊവിഡ് 19 ബാധിതരുടെ എണ്ണം 9 ലക്ഷത്തിലേക്ക് അടുക്കുന്നു. മരണസംഖ്യ 50000ത്തിന് അടുത്തെത്തി. ലോകത്തിലെ മൂന്നിലൊന്ന് കൊവിഡ് രോഗികള്‍ അമേരിക്കയിലാണ്. ഇതിനകം 85000ത്തിലധികം പേര്‍ സംഖംപ്രാപിച്ചു എന്നാണ് കണക്ക്.

ന്യൂയോര്‍ക്ക്, ന്യൂജഴ്‍സി, കാലിഫോര്‍ണിയ, മിഷിഗണ്‍ എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലാണ് 65 ശതമാനം കൊവിഡ് കേസുകളുള്ളത്. ന്യൂയോര്‍ക്ക്, ന്യൂജെഴ്‍സി എന്നിവിടങ്ങളില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു. ന്യൂയോര്‍ക്കില്‍ കേസുകള്‍ 270000ത്തിന് അടുത്തെത്തി. 20000ത്തിന് അടുത്ത് മരണങ്ങളും. ന്യൂ ജെഴ്‍സിയിലെ കേസുകള്‍ ഇതാദ്യമായി ഒരു ലക്ഷം ആയി. രോഗാവസ്ഥ പോലെ സാമ്പത്തിക പ്രതിസന്ധിയും മറികടക്കാനുള്ള ശ്രമമാണ് സംസ്ഥാനങ്ങള്‍ നടത്തുന്നത്. ഇളവുകള്‍ നല്‍കി സാമ്പത്തിക മേഖല തുറക്കാനുള്ള നടപടികള്‍ നടന്നുവരുന്നു. 

സാമ്പത്തിക പ്രതിസന്ധി നേരിടാൻ 484 ബില്യണ്‍ ഡോളറിന്‍റെ വൻ സാമ്പത്തിക പാക്കേജ് ജനപ്രതിനിധി സഭ പാസാക്കി. ചെറുകിട ബിസിനസുകള്‍, വൈറസ് ടെസ്റ്റിംഗ്, ആശുപത്രികള്‍ എന്നിവക്കായി അടിയന്തര ധനസഹായം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. അമേരിക്കയിലെ കൊവിഡ് പ്രതിസന്ധിയെ കുറിച്ച് അന്വേഷിക്കാന്‍ സമിതി രൂപീകരിക്കാന്‍ ജനപ്രതിനിധി സഭ തീരുമാനിച്ചു.

കൊവിഡ് ബാധിച്ചതിന് ശേഷം അമേരിക്കയിൽ 2.6 കോടി ആളുകൾകൾക്ക് തൊഴിൽ നഷ്ടമായെന്ന് കണക്കുകൾ. ആറിൽ ഒരാൾക്ക് കൊവിഡ് കാരണം തൊഴിൽ നഷ്ടമായി. പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ക്ലോറോക്വീൻ ചികിത്സക്കെതിരെ നിലപാടെടുത്ത, വാക്സിൻ കണ്ടുപിടിക്കാൻ നിയോഗിച്ച സമിതിയിലെ തലവനെ നീക്കി.

ആഫ്രിക്കയിലും തെക്കേ അമേരിക്കയിലും വൈറസിന്‍റെ പ്രഭവം ഇനിയും ഏറെ നാൾ തുടരുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. അതേസമയം ലോകത്ത് കൊവി‍ഡ് ബാധിതതരുടെ എണ്ണം 27 ലക്ഷം പിന്നിട്ടു. മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുന്നു. കൊവിഡ് ഭേദമായ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉടൻ തിരികെ ഓഫിസിലേക്ക് മടങ്ങും. 
 

click me!