കൊവിഡ് 19: ലോകത്ത് മരണം 18000 കടന്നു; ഇറ്റലിയിലും സ്‌പെയിനിലും കൂട്ടമരണങ്ങള്‍ തുടരുന്നു

By Web TeamFirst Published Mar 25, 2020, 12:03 AM IST
Highlights

ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍  കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ ഇന്നലെ മരിച്ചത് 489 പേരാണ്.

മിലാന്‍:  ലോകത്ത് കൊവിഡ് 19 വൈറസ് ബാധിച്ചുള്ള മരണം 18000 കടന്നു. നാല് ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചിട്ടുണ്ട്. ഇറ്റലിയിലും സ്‌പെയിനിലും കൂട്ട മരണങ്ങള്‍ തുടരുകയാണ്. ഇറ്റലിയില്‍  കഴിഞ്ഞ 24 മണിക്കൂറില്‍ 743 പേര്‍ മരിച്ചു. 5249 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. സ്പെയിനില്‍ ഇന്നലെ മരിച്ചത് 489 പേരാണ്.

അതേസമയം, യൂറോപ്പിലും അമേരിക്കയിലും കൊവിഡ്  കൊടുങ്കാറ്റുപോലെ പടരുകയാണ്. അമേരിക്കയില്‍ രോഗികളുടെ എണ്ണം അരലക്ഷത്തോളമെത്തി. ഇറ്റലിയില്‍ മരണം ആറായിരം കടന്നു. ഇറ്റലി, അമേരിക്ക, സ്പെയിന്‍, ജര്‍മനി, ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രോഗികളുടെ എണ്ണം കാല്‍ ലക്ഷത്തില്‍ കൂടുതലുള്ളത്.

ഇവിടങ്ങളിലെ അവസ്ഥ ഓരോ നിമിഷവും സങ്കീര്‍ണമാവുകയാണ് . ജീവന്‍രക്ഷാ ഉപകരണങ്ങളുടെ കുറവ് അമേരിക്കയില്‍ അടക്കം വലിയ പ്രശ്‌നമായി മാറുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയിലെ  ജനങ്ങളില്‍ പകുതിയും നിര്‍ബന്ധിത ഗാര്‍ഹികവാസത്തിലാണ്. ബ്രിട്ടനില്‍ ആറരക്കോടി ജനങ്ങളാണ്  വീടുകള്‍ക്കുള്ളില്‍ ഒതുങ്ങിയത്. ബ്രിട്ടന്റെ ചരിത്രത്തിലെ വലിയ പ്രതിസന്ധിയെന്നാണ് സാഹചര്യത്തെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിശേഷിപ്പിച്ചത്.

ആദ്യ ഘട്ടത്തില്‍ ആള്‍ക്കൂട്ടങ്ങളെ തടയാതിരുന്ന  മലേഷ്യയിലും  ഇന്തോനേഷ്യയിലും രോഗം മിന്നല്‍ വേഗതയില്‍ പടരുകയാണ്. സ്‌പെയിനില്‍ മരണം 2600ഉം ഇറാനില്‍ 1900 കടന്നു. ജയിലുകളില്‍ രോഗം പടരാതിരിക്കാന്‍  ഇറാന്‍ ഇതുവരെ 85000 തടവുകാരെ മോചിപ്പിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ പട്ടാളമിറങ്ങിയ പാകിസ്ഥാനില്‍ രോഗികളുടെ എണ്ണം ആയിരത്തോട് അടുത്തു. ഇതിനിടെ രോഗത്തില്‍ നിന്ന് കരകയറിയ ചൈന ഹുബെയ് പ്രവിശ്യയിലെ യാത്രനിയന്ത്രണം നീക്കി. വുഹാനിലെ നിയന്ത്രണങ്ങള്‍ ഏപ്രില്‍ ആദ്യം വരെ തുടരും.
 

click me!