
വാഷിംഗ്ടണ്‍: കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം അമേരിക്കയില്‍ 50,000 കടന്നു. ഒടുവിലത്തെ കണക്ക് പ്രകാരം 50,243 കൊവിഡ് മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. പുതിയതായി ഏഴ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ലോകത്ത് കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതും അമേരിക്കയിലാണ്. 8.86 ലക്ഷം പേര്‍ക്കാണ് അമേരിക്കയില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 85,922 പേര്‍ രോഗമുക്തി നേടി. 15000ത്തോളം രോഗികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.
യൂറോപ്യന്‍ രാജ്യങ്ങളായ ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് എന്നിവിടങ്ങളിലെ മരണനിരക്കും ഉയരുകയാണ്. ഇറ്റലിയില്‍ 25,549 പേര്‍ മരിച്ചു. സ്‌പെയിനില്‍ 22,157 പേരും ഫ്രാന്‍സില്‍ 21,856 പേരും മരിച്ചു. ബ്രിട്ടനില്‍ 18,738 പേരാണ് മരിച്ചത്. രോഗം ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ പുതിയതായി ആറ് പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യൂറോപ്യന്‍ രാജ്യങ്ങളില്‍ പുതിയതായി രോഗം ബാധിക്കുന്നവരുടെ നിരക്ക് കുറയുകയാണ്. ഇന്ത്യയില്‍ 23,502 പേര്‍ക്കാണ് രോഗം ബാധിച്ചത്. 722 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയില്‍ രോഗവ്യാപനത്തിനിടെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ വിവാദമായിരിക്കുകയാണ്. കൊവിഡ് രോഗത്തിന് അണുനാശിനി കുത്തിവെച്ചാല്‍ മതിയെന്നും അള്‍ട്രാവയലറ്റ് ചികിത്സ പരീക്കണമെന്നുമുള്ള ട്രംപിന്റെ അഭിപ്രായമാണ് വിവാദത്തിന് വഴി തെളിച്ചത്. ലോകത്താകമാനമുള്ള കൊവിഡ് മരണങ്ങള്‍ രണ്ട് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 1,91,177 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 27.33 ലക്ഷം പേര്‍ക്ക് രോഗബാധയേറ്റു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam