കൊവിഡ് നിയന്ത്രണാതീതം, ലോക്ഡൗൺ നീട്ടി ലോകരാജ്യങ്ങളും

By Web TeamFirst Published Apr 14, 2020, 12:15 PM IST
Highlights

ബ്രിട്ടനും ഫ്രാൻസും നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചു. സ്പെയിനും ഇറ്റലിയും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയതിനെ ലോകാരോഗ്യ സംഘടന വിമർശിച്ചു

ലണ്ടൻ: കൊവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയെപ്പോലെതന്നെ ലോക്ഡൗൺ നീട്ടി വിവിധ ലോകരാജ്യങ്ങളും. ബ്രിട്ടനും ഫ്രാൻസും നിയന്ത്രണങ്ങൾ നീട്ടാൻ തീരുമാനിച്ചു. സ്പെയിനും ഇറ്റലിയും നിയന്ത്രണങ്ങളിൽ ചില ഇളവുകൾ നൽകിയതിനെ ലോകാരോഗ്യ സംഘടന വിമർശിച്ചു. മെയ് 11 വരെ ലോക്ഡൗൻ നീട്ടിയതായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രഖ്യാപിച്ചു. മനുഷ്യജീവനുകൾ രക്ഷിക്കാനാണ് ഈ ത്യാഗമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

മരണം പതിനായിരം കടന്ന ബ്രിട്ടനിൽ ലോക് ഡൗൺ ഒരു മാസത്തേക്ക് കൂടി നീട്ടും. രോഗപ്പകർച്ചയുടെ കടുത്ത അവസ്ഥ തുടരുന്നുവെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പറഞ്ഞു. മൂവായിരത്തോളം ആളുകൾ മരിച്ച ജർമനിയിൽ വിലക്കുകൾ എത്രത്തോളം നീക്കണമെന്നത്തിൽ  ചാൻസലർ ആംഗല മെർക്കൽ പ്രാദേശിക ഭരണകൂടങ്ങളുടെ അഭിപ്രായം തേടി. 288 പേർ മരിച്ച അയർലണ്ടിൽ ലോക്ഡൗൻ മെയ് 5 വരെ നീട്ടി. 

ചൈനയിൽ നാലാം ദിവസവും അൻപതിലേറെ പേരിൽ പുതുതായി രോഗം സ്ഥിരീകരിച്ചതോടെ  നിരീക്ഷണം വീണ്ടും കർശനമാക്കി. ഐക്യരാഷ്ട്ര സഭയിലെ 189 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായും മൂന്നു പേർ  മരിച്ചതായും യുഎൻ വക്താവ് അറിയിച്ചു. രണ്ടാഴ്ച കൂടി നഗരങ്ങളിലെ  ലോക് ഡൌൺ നീട്ടാൻ ആഫ്രിക്കൻ രാജ്യമായ നൈജീരിയ തീരുമാനിച്ചതായി പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചു. വ്യവസായ നിർമാണ മേഖലകൾ തുറന്നുകൊണ്ട് സ്‌പെയിൻ ലോക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചു.

ചില വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ ഇറ്റലിയും തീരുമാനിച്ചു. ഡെന്മാർക്കും ഓസ്ട്രിയയും കൂടുതൽ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചു. ഇളവുകൾ പരിധിവിട്ടാൽ വലിയ അപകടം ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന ഈ രാജ്യങ്ങൾക്ക് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. മെയ് പകുതിവരെയെങ്കിലും രാജ്യാതിർത്തികൾ അടഞ്ഞു കിടക്കണമെന്നും നിയന്ത്രണം തുടരണമെന്നുമാണ് യൂറോപ്യൻ യൂണിയനും രാജ്യങ്ങളോട് നിർദേശിച്ചിരിക്കുന്നത്. 

click me!