ആരും പുറത്തിറങ്ങുന്നില്ല, നഗരങ്ങള്‍ വിജനം; ഐസൊലേഷന്‍ വാര്‍ഡായി ഇറ്റലി

By Web TeamFirst Published Mar 10, 2020, 3:09 PM IST
Highlights

ഇറ്റലിയിലെ ജീവിതം കുറച്ച് കഠിനമാണ്. ചില കര്‍ശനമായ കാര്യങ്ങള്‍ പാലിച്ചാലേ ഈ വെല്ലുവിളി അതിജീവിക്കാന്‍ കഴിയൂ. എല്ലാം ഇറ്റലിയുടെ നന്മക്ക് വേണ്ടിയാണ്-പ്രധാനമന്ത്രി ഗ്വിസെപ്പി കോന്‍റെ പറഞ്ഞു. 

മിലാന്‍: ചൈനക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണവൈറസ് ബാധിച്ച ഇറ്റലി ആകമാനം ഐസൊലേഷന്‍ വാര്‍ഡിന് സമാനം. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പോലും ആളുകള്‍ ഇല്ല. വന്‍ നഗരങ്ങളും ചെറുപട്ടണങ്ങളും പൂര്‍ണമായി വിജനം. മിലാന്‍, റോം, ഫ്ലോറെന്‍സ്, ടൂറിന്‍, നേപ്പിള്‍സ്, വെനീസ് തുടങ്ങിയ വന്‍ നഗരങ്ങളിലെല്ലാം ആളൊഴിഞ്ഞു. ഇറ്റലിയിലെ ആറ് കോടി ജനം പൂര്‍ണമായി വീടുകളില്‍ അടച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ചരിത്ര പ്രസിദ്ധമായ കൊളോസിയം ആളൊഴിഞ്ഞ അവസ്ഥയില്‍

അത്യാവശ്യക്കാര്‍ മാത്രമേ പുറത്തിറങ്ങുന്നുള്ളൂ. യൂറോപ്പിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇറ്റലിയില്‍ രോഗം പടരുന്നത് യൂറോപ്പിനെയാകെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. ഇറ്റലിയിലെ സിനിമാ തിയറ്ററുകള്‍, മാളുകള്‍, പ്രശസ്തമായ കോര്‍ണര്‍ കഫെ എന്നിവയെല്ലാം അടച്ചിരിക്കുകയാണ്. മതചടങ്ങുകള്‍, വിവാഹച്ചടങ്ങുകള്‍ എന്നിവക്കും നിരോധനമുണ്ട്. നേരത്തെ റസ്റ്ററന്‍റുകളും ബാറുകളും രാവിലെ 6 മുതല്‍ 6 വരെ തുറക്കാന്‍ അനുവദിച്ചെങ്കിലും ഇപ്പോള്‍ അതും നിരോധിച്ചു. 

ഇറ്റലിയുടെ സാമ്പത്തിക നഗരമായ മിലാന്‍ വിജനമായപ്പോള്‍

കായിക മത്സരങ്ങള്‍ക്കെല്ലാം നിരോധനമേര്‍പ്പെടുത്തി. പ്രശസ്തമായ സീരി എ ഫുട്ബോള്‍ ലീഗ് അടക്കം എല്ലാ കായികമത്സരങ്ങളും വിലക്കി. കുറഞ്ഞത് ഏപ്രില്‍ മൂന്ന് വരെയെങ്കിലും കായിക മത്സരങ്ങള്‍ നടത്തരുതെന്നാണ് അറിയിപ്പ്. ഇറ്റലിയിലെ ജീവിതം കുറച്ച് കഠിനമാണ്. ചില കര്‍ശനമായ കാര്യങ്ങള്‍ പാലിച്ചാലേ ഈ വെല്ലുവിളി അതിജീവിക്കാന്‍ കഴിയൂ. എല്ലാം ഇറ്റലിയുടെ നന്മക്ക് വേണ്ടിയാണ്-പ്രധാനമന്ത്രി ഗ്വിസെപ്പി കോന്‍റെ പറഞ്ഞു. കര്‍ശന ഉപാധികള്‍ക്ക് വിധേയമായി പൊതുഗതാഗത സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാള്‍ ആളുകള്‍ ശുഷ്കം. ആരോഗ്യ രംഗത്തെ ജീവനക്കാരുടെ അവധി റദ്ദാക്കിയിട്ടുണ്ട്. നിരോധനം പ്രഖ്യാപിച്ച ഉടനെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂ ഉണ്ടായിരുന്നെങ്കിലും പിന്നീട് അവയും അപ്രത്യക്ഷമായി.

ഇറ്റലിയിലെ ഏറ്റവും വിനോദ സഞ്ചാരികളെത്തുന്ന വെനീസ് നഗരം കഴിഞ്ഞ ദിവസം

രണ്ടാം ലോക മഹായുദ്ധകാലത്ത് പോലും ഇത്തരമൊരു അവസ്ഥയുണ്ടായിട്ടില്ലെന്നാണ് ഇറ്റാലിയന്‍ പൗരന്മാര്‍ പറയുന്നത്. കൊറോണവൈറസ് ഇറ്റലിയുടെ സാമ്പത്തിക രംഗത്തും വന്‍ ആഘാതമുണ്ടാക്കിയിട്ടുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചതും മരണം റിപ്പോര്‍ട്ട് ചെയ്തതും ഇറ്റലിയിലാണ്. 9172 പേര്‍ക്കാണ് ഇറ്റലിയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്. 463 പേര്‍ മരിക്കുകയും ചെയ്തു.

click me!