ഇറ്റലിയിൽ മടങ്ങാൻ കാത്ത് ഇനിയും മലയാളികൾ: ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു

By Web TeamFirst Published Mar 12, 2020, 11:02 AM IST
Highlights

നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാൻ കാത്ത് ഇറ്റലിയിലെ വിമാനത്താവളങ്ങളിലുണ്ട്. എയർപോർട്ടുകളിൽ കുടുങ്ങിയ പല മലയാളികളെയും മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ട് താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശകാര്യമന്ത്രാലയം അയച്ച ഡോക്ടർമാരുടെ സംഘം എപ്പോൾ പുറപ്പെടുമെന്നതിൽ വ്യക്തതയില്ല. 

റോം: കൊവിഡ് 19 ബാധ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിലെ ഇന്ത്യൻ എംബസി താൽക്കാലികമായി അടച്ചു. ഓഫീസ് പ്രവർത്തനങ്ങളാണ് തൽക്കാലം അവസാനിപ്പിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനായി എത്തുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഹെൽപ് ലൈൻ നമ്പറുകൾ അതേസമയം, പ്രവർത്തനം തുടരുമെന്നും റോമിലെ ഇന്ത്യൻ എംബസി വ്യക്തമാക്കി.

നൂറുകണക്കിന് ഇന്ത്യക്കാർ ഇപ്പോഴും നാട്ടിലേക്ക് മടങ്ങാൻ കാത്ത് ഇറ്റലിയിലെ വിവിധ വിമാനത്താവളങ്ങളിലുണ്ട്. എയർപോർട്ടുകളിൽ കുടുങ്ങിയ പല മലയാളികളെയും മലയാളി അസോസിയേഷൻ പ്രവർത്തകർ ഇടപെട്ട് താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. വിദേശകാര്യമന്ത്രാലയം അയച്ച ഡോക്ടർമാരുടെ സംഘം ഇന്ന് പുറപ്പെടുമോ എന്നതിൽ ഇപ്പോഴും വ്യക്തതയില്ല.

Read more at: 24 മണിക്കൂർ - ഇറ്റലിയിൽ കുടുങ്ങിയവർക്ക് സഹായമില്ല, അനങ്ങാതെ വിദേശകാര്യ മന്ത്രാലയം

ഇറ്റലിയിൽ എല്ലാ ഓഫീസുകളും അടച്ചിടാൻ നിർദേശം നൽകിയതിന്‍റെ പശ്ചാത്തലത്തിലാണ് എംബസിയും അടച്ചിടുന്നത്. 

ഇന്നലെ മുതൽ കൊറോണബാധിത രാജ്യങ്ങളിലുള്ളവർക്ക് ഏപ്രിൽ 15 വരെ നൽകിയിരിക്കുന്ന വിസ റദ്ദാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. എയർ ഇന്ത്യ റോം, സോൾ, മിലാൻ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വിമാനസർവീസുകളും അടിയന്തരമായി നിർത്തിവയ്ക്കുകയും ചെയ്തു. 

ഇറ്റലിയിൽ നിന്നും ഇറാനിൽ നിന്നും വരുന്നവരെയെല്ലാം ഐസൊലേഷനിൽ വയ്ക്കാനാണ് ഇന്നലെ ചേർന്ന വിദേശകാര്യ ഉന്നതാധികാര മന്ത്രിതല സമിതി തീരുമാനിച്ചത്. ഇതിന് പിന്നാലെ രാജ്യസഭയിലെത്തി കേന്ദ്രവിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ പ്രസ്താവന നടത്തുകയും ചെയ്തിരുന്നു. കൊവിഡ് ബാധിത രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആളുകളെ തിരികെയെത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഏകോപിപ്പിക്കാൻ ഒരു നോഡൽ ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പ്രാദേശിക തലത്തിൽ രോഗം പടരുന്ന സാഹചര്യത്തിൽ അത് തടയാനുള്ള നടപടികൾ കേന്ദ്ര ആരോഗ്യമന്ത്രാലയവും സ്വീകരിക്കും.

കൊവിഡ് ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റില്ലാത്തതിനാലാണ് മലയാളികൾ അടക്കമുള്ള മിക്കവരും വിമാനത്താവളത്തിൽ കുടുങ്ങിയത്. കാത്തിരുന്ന് നിരാശരായതിനാൽ പലരും തിരികെ പോയെന്ന് വത്തിക്കാനിൽ നിന്ന് ഫാദർ വില്യം നെല്ലിക്കൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

വത്തിക്കാനിൽ മാർപാപ്പയുടെ സംഘത്തിലെ ഒരു അംഗത്തിന് കൊവിഡ് 19 ബാധയുണ്ടായപ്പോൾ ഉടൻ സുരക്ഷാക്രമങ്ങൾ സ്വീകരിച്ചുവെന്നും, രോഗബാധയുണ്ടായ ആളെ മാറ്റിപ്പാർപ്പിച്ചുവെന്നും ഫാദർ വ്യക്തമാക്കി. 

click me!