റോം/ മിലാൻ: കൊറോണവൈറസ് അഥവാ കൊവിഡ് 19 കാട്ടുതീ പോലെ പടർന്നുപിടിക്കുന്ന ഇറ്റലിയിൽ നിന്ന് തിരികെ വരാനായി എത്തി വിമാനത്താവളങ്ങളിൽ കുടുങ്ങിയ നൂറു കണക്കിന് മലയാളികളുടെ കാര്യത്തിൽ 24 മണിക്കൂറിന് ശേഷവും തീരുമാനമായില്ല. കൊവിഡ് 19 ഇല്ലെന്ന ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ ഇവർക്ക് ബോർഡിംഗ് പാസ് പോലും നൽകേണ്ടെന്ന കേന്ദ്രസർക്കാരിന്‍റെ സർക്കുലറാണ് ഇവരെ പ്രതിസന്ധിയിലാക്കിയത്. ഭക്ഷണവും വെള്ളവുമില്ലാതെ ഗർഭിണികളും സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിന് പേരാണ് റോം, മിലാൻ, ഫ്യുമിസിനോ എന്നീ വിമാനത്താവളങ്ങളിൽ കാത്തിരിക്കുന്നത്. 

ഇന്ത്യയിലേക്ക് മടങ്ങാനായി ടിക്കറ്റ് ബുക്ക് ചെയ്ത ആരോടും 'നോ കൊവിഡ് 19' എന്ന, രോഗമില്ലെന്ന് ഡോക്ടർമാർ പരിശോധിച്ച് നൽകേണ്ട, ഹെൽത്ത് സർട്ടിഫിക്കറ്റ് ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനാകില്ലെന്ന് ഇന്ത്യൻ എംബസി അറിയിച്ചിരുന്നില്ല. അവസാനനിമിഷം പുറത്തിറക്കിയ സർക്കുലർ പ്രവാസികൾക്ക് കിട്ടിയിട്ടുമില്ല. പലരും വിമാനത്താവളത്തിലെത്തിയ ശേഷമാണ് ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്നറിയുന്നത്. 24 മണിക്കൂർ കഴിഞ്ഞിട്ടും ഇവരെ വിദേശകാര്യമന്ത്രാലയമോ ഇന്ത്യൻ എംബസിയോ തിരിഞ്ഞുനോക്കിയിട്ടില്ല. 

Read more at: 'കെട്ടിപ്പെറുക്കി ഇറങ്ങുമ്പോ എന്ത് സർട്ടിഫിക്കറ്റ്?', ഇറ്റലിയിൽ കുടുങ്ങിയ മലയാളികൾ

ഇന്ത്യൻ എംബസിയിൽ പല തവണ വിളിച്ചെങ്കിലും ആരും ഫോണെടുക്കുന്നില്ലെന്ന് കുടുങ്ങിയ മലയാളികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിടുന്ന വീഡിയോകളിൽ പറയുന്നു. കേന്ദ്രസർക്കാർ ഇളവ് നൽകാൻ തയ്യാറാണെങ്കിൽ കൊണ്ടുപോകാൻ തയ്യാറാണെന്നാണ് വിമാനക്കമ്പനികളുടെ നിലപാട്. എയർപോർട്ട് അതോറിറ്റി ഇവരെ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ഇറക്കാൻ അനുവദിച്ചില്ലെങ്കിൽ തിരികെ ഇവരെ പുറപ്പെട്ട അതേ നഗരത്തിലേക്ക് തന്നെ വിമാനക്കമ്പനികൾക്ക് തിരികെ കൊണ്ടുവരേണ്ടി വരും. ഇത് പ്രായോഗികമല്ലെന്നും കുടുങ്ങിയ മലയാളികൾ പറയുന്നു. 

ഹെൽത്ത് സർട്ടിഫിക്കറ്റ് ഇനി വിമാനത്താവളത്തിന് പുറത്തിറങ്ങി പോയി വാങ്ങുക എന്നത് ഇവരെ സംബന്ധിച്ചിടത്തോളം പ്രായോഗികമല്ല. കൊവിഡ് ബാധിച്ച് ഏതാണ്ട് ഒറ്റപ്പെട്ട് കഴിയുന്ന ഇറ്റലിയിലെ നഗരങ്ങളിലെ ഒരു ആശുപത്രികളും ഇത്തരത്തിൽ രോഗമില്ല എന്നൊരു സർട്ടിഫിക്കറ്റ് രോഗം പടർന്നുകൊണ്ടേയിരിക്കുന്നതിന് ഇടയിൽ നൽകുകയുമില്ല. ആകെ ചെയ്യാൻ കഴിയുന്നത്, ഇന്ത്യയിൽ നിന്ന് ഒരു മെഡിക്കൽ സംഘം ഇറ്റലിയിലെ വിമാനത്താവളങ്ങളിലെത്തി, ഇവരെ പരിശോധിച്ച് കയറ്റിവിടുക എന്നതാണ്. തിരികെ നാട്ടിലെത്തിയാൽ ക്വാറന്‍റൈനിനും ഐസൊലേഷനും ആവശ്യമെങ്കിൽ ചികിത്സയ്ക്കും തയ്യാറാണെന്നും ഇവർ പറയുന്നു. ഇന്നലെ വരെയില്ലാതിരുന്ന നിയന്ത്രണം ഒറ്റയടിക്ക് നടപ്പാക്കിയത് സൃഷ്ടിച്ചത് വലിയ പ്രതിസന്ധിയെന്നും കുടുങ്ങിയ മലയാളികൾ.

ഇന്ന് നൂറുകണക്കിന് പേരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്നതെങ്കിൽ നാളെ മുതൽ സ്ഥിതി രൂക്ഷമാകാനാണ് സാധ്യത. ഇറ്റലിയിൽ രോഗബാധ പടരുന്ന സാഹചര്യത്തിൽ നിരവധിപ്പേർ നാട്ടിലേക്ക് തിരികെ വരാൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്. ഇവരെയൊന്നും കയറ്റാൻ നിലവിൽ കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന സർക്കുലർ പ്രകാരം സാധ്യമല്ല.

ഇറ്റലിയിലേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ അയക്കുമെന്ന് ഇന്ന് ഉച്ചയോടെ കേന്ദ്രവിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞെങ്കിലും, രാജ്യസഭയിൽ പ്രസ്താവന നടത്തിയ വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ അത്തരമൊരു ഉറപ്പ് നൽകിയില്ല. ഇറ്റലിയിൽ കുടുങ്ങിക്കിടക്കുന്നവരുടെ കാര്യത്തിൽ ആശങ്കയുണ്ടെന്ന് മാത്രമായിരുന്നു ജയ് ശങ്കറിന്‍റെ പ്രസ്താവന.

''ഇറ്റലിയിലെ സാഹചര്യം ആശങ്ക ഉണ്ടാക്കുന്നതാണ്. യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യം എല്ലാവരും മനസ്സിലാക്കണം. വിദേശത്ത്
കുടുങ്ങിയവരെ അടിയന്തരമായി ഒഴിപ്പിക്കാനുള്ള നടപടികള്‍ തുടരും'', എന്ന് എസ് ജയ് ശങ്കർ.

ഇറാനില്‍ കുടുങ്ങിയവരുടെ പരിശോധനകള്‍ക്കായി ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെട്ട ആറംഗ സംഘത്തെ നിയോഗിച്ചതായി എസ് ജയ്‍ ശങ്കര്‍ രാജ്യസഭയില്‍ പറഞ്ഞു. ഇറ്റലിയില്‍ കുടുങ്ങിയവരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് എ കെ ആന്‍റണി ആവശ്യപ്പെട്ടു.

അതിനിടെ മിലാനില്‍ നിന്ന് 74 ഇന്ത്യക്കാരുള്‍പ്പടെ 83 യാത്രക്കാരുമായുള്ള എയര്‍ ഇന്ത്യ വിമാനം ദില്ലിയിലെത്തി. രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ യാത്രക്കാരെ ഹരിയാന മനേസറിലെ കരുതല്‍ കേന്ദ്രത്തിലേക്ക് മാറ്റി. 

Read more at: വിദേശത്ത് നിന്ന് മലയാളികളെ തിരികെയെത്തിക്കാൻ തടസ്സം കേന്ദ്രം: ഒറ്റക്കെട്ടായി പ്രമേയം പാസാക്കാന്‍ നിയമസഭ

യാത്രാവിലക്ക് ഇങ്ങനെ

ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ മൂന്ന് രാജ്യങ്ങളിലെ പൗരന്മാർക്ക് ഇന്ത്യയില്‍ യാത്രാവിലക്കുണ്ട്.  ഫെബ്രുവരി ഒന്നിന് ശേഷം കൊവിഡ് സ്ഥീരീകരിച്ച രാജ്യങ്ങൾ സന്ദർശിച്ച വിദേശികൾക്കും വിലക്കു ബാധകമാണ്. ഇപ്പോള്‍ ഇന്ത്യയിലുള്ള വിദേശികൾ വിസയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് രജിസ്ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ അറിയിച്ചു. 

രാജ്യത്ത് 60 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് കേന്ദ്രസ‍ർക്കാ‍ർ കണക്ക്. കൊവിഡ് നിയന്ത്രിക്കാൻ സ്വീകരിച്ച നടപടികൾ
ആരാഞ്ഞ് ദില്ലി ഹൈക്കോടതി കേന്ദ്രസർക്കാരിനും ദില്ലി സർക്കാരിനും നോട്ടീസും അയച്ചിട്ടുണ്ട്.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക