
സിംഗപ്പൂർ സിറ്റി: ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡിന്‍റെ പുതിയ തരംഗം വ്യാപിക്കുന്നതിനാൽ മുന്നറിയിപ്പുമായി ഹോങ്കോങിലെയും സിംഗപ്പൂരിലെയും ആരോഗ്യ വിദഗ്ധർ. ഹോങ്കോങിലെ പകർച്ചവ്യാധി വിഭാഗത്തിന്‍റെ തലവനായ ആൽബർട്ട് ഓ നഗരത്തിലെ കൊവിഡ് കേസുകൾ ഉയരുകയാണെന്ന് മുന്നറിയിപ്പ് നൽകി.
അഞ്ച് വർഷം മുമ്പ് ലോകത്തെ നിശ്ചലമാക്കിയ അത്രയും തീവ്രമല്ല ഇന്നത്തെ സ്ഥിതി. എന്നാൽ രോഗ ലക്ഷണങ്ങളുമായി കൂടുതൽ പേർ ഹോങ്കോങിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും എത്തുന്നുണ്ടെന്നാണ് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തത്. ഹോങ്കോങ് പോപ്പ് താരം ഈസൺ ചാൻ കൊവിഡ് പോസിറ്റീവായതോടെ തായ്‌വാനിലെ സംഗീത പരിപാടി മാറ്റിവച്ചു.
സിംഗപ്പൂരിലും കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ട്. ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഈ മെയ് മാസത്തിൽ കൊവിഡ് കേസുകൾ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. മെയ് 3 ന് അവസാനിച്ച ആഴ്ചയിൽ 14,200 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുൻ ആഴ്ചയെ അപേക്ഷിച്ച് 28 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. കൊവിഡ് മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം 30 ശതമാനം വർദ്ധിച്ചെന്നാണ് സിംഗപ്പൂരിൽ നിന്നുള്ള റിപ്പോർട്ട്. പ്രതിരോധശേഷി കുറയുന്നതിന്റെ സൂചനയായിരിക്കാം ഈ വർദ്ധനവ് എന്ന് ആരോഗ്യ മന്ത്രാലയം സൂചിപ്പിച്ചു. എന്നാൽ വൈറസിന്റെ പുതിയ വകഭേദങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ചൈനയിലും കൊവിഡിന്‍റെ പുതിയ തരംഗമുണ്ടെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു. മെയ് 4 വരെയുള്ള അഞ്ച് ആഴ്ചകളിൽ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരട്ടിയിലധികമായെന്നാണ് റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam