യുഎസ് 'ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക്' ആരംഭിച്ചു. ഐസിസ് ഭീകരരെ ഉന്മൂലനം ചെയ്യാനും അവരുടെ കേന്ദ്രങ്ങൾ തകർക്കാനുമാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്. ഇതൊരു പ്രതികാര നടപടിയാണെന്നും ഭീകരരെ വേട്ടയാടുമെന്നും അമേരിക്ക വ്യക്തമാക്കി.
വാഷിങ്ടൺ: ഈ മാസമാദ്യം സിറിയയിൽ അമേരിക്കൻ സേനയ്ക്ക് നേരെയുണ്ടായ മാരകമായ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്‌ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ സൈനിക നീക്കം. 'ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക്' എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം വെള്ളിയാഴ്ചയാണ് ആരംഭിച്ചത്. ഐസിസ് ഭീകരരെ ഉന്മൂലനം ചെയ്യാനും അവരുടെ ആയുധപ്പുരകളും പ്രവർത്തന കേന്ദ്രങ്ങളും തകർക്കാനുമാണ് അമേരിക്ക ലക്ഷ്യമിടുന്നത്. ഡിസംബർ 13-ന് സിറിയയിലെ പാൽമിറയിലുണ്ടായ ക്രൂരമായ ആക്രമണത്തിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഈ സൈനിക നടപടിയെന്ന് യുഎസ് അധികൃതർ വ്യക്തമാക്കി. പാൽമിറയിലെ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ ഭൗതികശരീരം കഴിഞ്ഞ ദിവസം അമേരിക്കയിൽ എത്തിക്കുകയും ഔദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ നടത്തുകയും ചെയ്തു. ഈ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
‘ഇതൊരു യുദ്ധമല്ല, പ്രതികാരമാണ്’
അമേരിക്കൻ യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് ഈ സൈനിക നീക്കത്തെക്കുറിച്ച് ശക്തമായ പ്രസ്താവന നടത്തി. "ഇതൊരു യുദ്ധത്തിന്റെ തുടക്കമല്ല, മറിച്ച് ഇതൊരു പ്രതികാര പ്രഖ്യാപനമാണ്. അമേരിക്കൻ ജനതയെ സംരക്ഷിക്കുന്നതിൽ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തിൽ രാജ്യം ഒട്ടും പിന്നോട്ടില്ല." - പീറ്റ് ഹെഗ്‌സെത്ത് എക്‌സിൽ നൽകിയ സന്ദേശത്തിൽ, അമേരിക്കക്കാരെ ലക്ഷ്യം വെക്കുന്നവര്‍ ആരായാലും അവരെ വേട്ടയാടുമെന്നും ഓപ്പറേഷന്റെ ആദ്യ ഘട്ടത്തിൽ തന്നെ നിരവധി ഐസിസ് ഭീകരരെ വധിച്ചതായും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐസിസിനെതിരെ കടുത്ത നടപടിയുമായി ട്രംപ്
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യലിലൂടെ'പ്രസിഡന്റ് ട്രംപും ഈ നീക്കത്തെക്കുറിച്ച് പ്രതികരിച്ചു. ഐസിസ് കേന്ദ്രങ്ങളെ അമേരിക്ക ശക്തമായി പ്രഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി സംഘർഷം നിലനിൽക്കുന്ന സിറിയയിൽ നിന്ന് ഐസിസിനെ പൂർണ്ണമായും തുടച്ചുനീക്കിയാൽ അവിടുത്തെ ജനങ്ങൾക്ക് മെച്ചപ്പെട്ട ഭാവി ഉണ്ടാകുമെന്ന് ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. നിലവിലെ സിറിയൻ സർക്കാരിന് ഈ നീക്കത്തെക്കുറിച്ച് അറിവുണ്ടെന്നും ഭീകരവാദത്തെ തുടച്ചുനീക്കാനുള്ള അമേരിക്കൻ ശ്രമങ്ങളെ അവർ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിറിയയുടെ വിവിധ ഭാഗങ്ങളിൽ സ്ലീപ്പർ സെല്ലുകളിലൂടെ ഐസിസ് ഇന്നും ആക്രമണങ്ങൾ നടത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ, അമേരിക്കൻ സേനയ്ക്ക് നേരെ ഉണ്ടാകുന്ന ഏതൊരു നീക്കത്തിനും അടിയന്തരവും ശക്തവുമായ മറുപടി നൽകുമെന്ന ഉറച്ച നിലപാടിലാണ് അമേരിക്ക. ഓപ്പറേഷൻ ഹോക്കൈ സ്ട്രൈക്ക് വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.


