Latest Videos

ലോകത്ത് കൊവിഡ് രോഗികള്‍ 60 ലക്ഷം; പിടിവിട്ട് അമേരിക്കയും ബ്രസീലും; യുകെയും ആശങ്കയില്‍

By Web TeamFirst Published May 30, 2020, 6:04 AM IST
Highlights

അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.

ലണ്ടന്‍: ലോകത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 60 ലക്ഷം കടന്നു. 6,026,108 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 366,415 പേർ മരിച്ചു. 2,655,970 പേർ രോഗമുക്തി നേടി. അമേരിക്കയിൽ കൊവിഡ് രോഗികളുടെ എണ്ണം 18 ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടമായ അമേരിക്കയില്‍ ഒരു ലക്ഷത്തിലധികം പേരാണ് മരിച്ചത്.

കൊവിഡ് അമേരിക്കയിലും ബ്രസീലിലും കനത്ത നാശം വിതയ്‌ക്കുന്നത് തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ അമേരിക്കയില്‍ 24,802 പേരിലും ബ്രസീലില്‍ 29,526 പേരിലും രോഗം സ്ഥിരീകരിച്ചു. അമേരിക്കയില്‍ പുതുതായി 1,209 പേരും ബ്രസീലില്‍ 1,180 ആളുകളും മരണപ്പെട്ടു. റഷ്യയില്‍ 8,572 പേരിലും പെറുവില്‍ 6,506 ആളുകളിലും ചിലിയില്‍ 3,695 പേരിലും മെക്‌സിക്കോയില്‍ 3,377 പേരിലും പുതുതായി രോഗം പിടിപെട്ടു. 

അപകടനില തുടര്‍ന്ന് യുകെ

യൂറോപ്പില്‍ പൊതുവേ രോഗവ്യാപനം കുറഞ്ഞിട്ടുണ്ടെങ്കിലും യുകെയിൽ മരണസംഖ്യ 40,000ത്തോട് അടുക്കുകയാണ്. 38,161 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണവും കൂടുകയാണ്. 2,095 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം സ്ഥിരീകരിച്ചത്. 324 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ലോക്ക് ഡൗണ്‍ ലഘൂകരിച്ചത് അപകടകരമെന്നാണ് ശാസ്ത്ര ഉപദേശകർ പറയുന്നത്. 

click me!