റഷ്യൻ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഇറാനിയൻ നിർമ്മിത ഷഹീദ് ഡ്രോണുകളെ പ്രതിരോധിക്കാൻ ഗൾഫ് രാഷ്ട്രങ്ങളെ സഹായിക്കാൻ യുക്രൈൻ. തങ്ങളുടെ പ്രതിരോധ വൈദഗ്ധ്യം പങ്കുവെക്കുന്നതിന് പകരമായി വ്യോമ പ്രതിരോധ മിസൈലുകൾ ലഭിക്കുമെന്ന് യുക്രൈൻ പ്രതീക്ഷിക്കുന്നു. അമേരിക്കയും ഗൾഫ് നേതാക്കളും ഔദ്യോഗികമായി സഹായം അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ഈ നീക്കം.

കീവ്: ഇറാനിയൻ നിർമ്മിത ഡ്രോണുകളുടെ ഭീഷണി നേരിടുന്ന ഗൾഫ് രാഷ്ട്രങ്ങളെ സഹായിക്കാൻ യുക്രേനിയൻ പ്രതിരോധ വിദഗ്ധർ മധ്യേഷ്യയിലേക്ക്. റഷ്യ - യുക്രൈൻ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഷഹീദ് ഡ്രോണുകളെ പ്രതിരോധിക്കുന്നതിൽ യുക്രൈൻ കൈവരിച്ച സമാനതകളില്ലാത്ത പ്രായോഗിക ജ്ഞാനം അമേരിക്കയുമായും ഗൾഫ് സഖ്യകക്ഷികളുമായും പങ്കുവയ്ക്കുമെന്ന് പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. വിഭവങ്ങൾ പങ്കുവെക്കുന്നത് ഒരു 'ടു-വേ സ്ട്രീറ്റ്' അഥവാ പരസ്പര സഹകരണത്തിന്‍റെ പാതയാകണമെന്നും, യുക്രൈന്‍റെ പക്കലുള്ള സാങ്കേതിക മികവ് പകരം നൽകുന്നതിലൂടെ തങ്ങൾക്കാവശ്യമായ വ്യോമ പ്രതിരോധ മിസൈലുകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Add Asianetnews as a Preferred SourcegooglePreferred

ഗൾഫ് മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ യുക്രൈന്‍റെ സഹായം അമേരിക്കയും ഗൾഫ് നേതാക്കളും ഔദ്യോഗികമായി ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക നീക്കം. യുദ്ധക്കളത്തിൽ നേരിട്ട് പയറ്റിത്തെളിഞ്ഞ തങ്ങളുടെ ഡ്രോൺ വിദഗ്ധർ അടുത്ത ആഴ്ചയോടെ മധ്യേഷ്യയിൽ നേരിട്ടെത്തി സാഹചര്യം വിലയിരുത്തുമെന്നും ആവശ്യമായ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ സഹായിക്കുമെന്നും സെലെൻസ്കി മാധ്യമപ്രവർത്തകരോട് പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന സൈനിക സഹായങ്ങൾക്ക് പകരമായി ലോകത്തിന് നൽകാൻ മികച്ച പ്രതിരോധ പാഠങ്ങൾ യുക്രൈന്‍റെ പക്കലുണ്ടെന്ന ശക്തമായ സന്ദേശമാണ് ഈ നീക്കത്തിലൂടെ കൈമാറുന്നത്.

ഷഹീദ് ഡ്രോണുകള്‍ വലിയ വെല്ലുവിളി

ഇറാന്‍റെ ഷഹീദ് ഡ്രോണുകള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നതായി അമേരിക്കന്‍ സൈന്യത്തിന്‍റെ വിലയിരുത്തല്‍ വന്നിരുന്നു. ഡ്രോണാക്രമണം മുഴുവനായി തടയാന്‍ യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്നും ട്രംപ് ഭരണകൂടം വിലയിരുത്തി. കാപ്പിറ്റോള്‍ ഹില്ലില്‍ യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുടെ യോഗത്തിലാണ് ട്രംപ് ഭരണകൂടത്തിലെ ഉന്നതര്‍ ഇക്കാര്യം വ്യക്തമാക്കിയത്. അടച്ചിട്ട ഹാളില്‍ നടന്ന യോഗത്തിലെ വിശദാംശങ്ങള്‍ സി എന്‍ എന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്തത്. യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.

സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പങ്കെടുത്ത യോഗത്തില്‍, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ജോയിന്‍റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്നുമാണ് ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ വിശദീകരിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ പ്രശ്‌നമാണ് ഈ ഡ്രോണുകള്‍ സൃഷ്ടിക്കുന്നതെന്ന് ഇരുവരും സമ്മതിച്ചു. വളരെ താഴ്ന്നും പതുക്കെയും പറക്കുന്നവയാണ് ഇറാന്‍റെ ഈ ഡ്രോണുകള്‍. ബാലിസ്റ്റിക് മിസൈലുകളില്‍നിന്നുള്ള ഈ വ്യത്യസ്തത കാരണം, ഈ ഡ്രോണുകളെ കണ്ടെത്തി തകര്‍ക്കുന്നത് ബുദ്ധിമുട്ടാണ്.