എവറസ്റ്റിന്റെ ബേസ് ക്യാമ്പിലും കൊവിഡ്, പർവ്വതാരോഹകന് രോ​ഗം സ്ഥിരീകരിച്ചു

By Web TeamFirst Published Apr 23, 2021, 2:44 PM IST
Highlights

കൊവിഡ് ബാധിച്ചതോടെ ഹെലികോപ്റ്ററിലാണ് നെസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെസിനൊപ്പമുള്ള ദവ സ്റ്റീവൻ ഷെർപയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു...

കാഠ്മണ്ഡു: എവറസ്റ്റിന്റെ ബേസ് ക്യാമ്പിലും കൊവിഡ് ബാധ. പർവ്വതാരോഹകന് കൊവിഡ് സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നോർവ്വെയിൽ നിന്നുള്ള എർലെൻഡ് നെസ് എന്ന പർവ്വതാരോഹകനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തനിക്ക് കൊവിഡ് ബാധിച്ചതായി നെസ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. 

അതേസമയം ആശുപത്രിയിൽ ചികിത്സയിലാണെന്നും താൻ സുഖമായിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് ബാധിച്ചതോടെ ഹെലികോപ്റ്ററിലാണ് നെസിനെ ആശുപത്രിയിലേക്ക് മാറ്റിയത്. നെസിനൊപ്പമുള്ള ദവ സ്റ്റീവൻ ഷെർപയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. മറ്റാർക്കും കൊവിഡ് ബാധിക്കില്ലെന്നാണ് കരുതുന്നതെന്ന് നെസ് പറഞ്ഞു. 8000 കിലോമീറ്ററിന് മുകളിലെ ബേസ് ക്യാംപിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് എളുപ്പമല്ലെന്നും നെസ് നോർവീജിയൻ റേഡിയോ മാധ്യമത്തോട് പറഞ്ഞു. 

അതേസമയം ബേസ് ക്യാംപിൽ നിന്നുള്ളവർ ചികിത്സ തേടിയതായി സിഐഡബ്ല്യൂഇസി ആശുപത്രി അറിയിച്ചു. എന്നാൽ കൂടുതൽ വിശദാംശങ്ങൾ നൽകാനാകില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. എന്നാൽ പർവ്വതാരോഹർക്കിടയിൽ കൊവിഡ് ബാധിച്ചതായി ഇതുവരെയും റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്ന് നേപ്പാൾ ടൂറിസം വകുപ്പ് വക്താവ് മീര ആചാര്യ പറഞ്ഞു. ഏപ്രിൽ 15ന് പർവ്വതത്തിൽ നിന്ന് ഒഴിപ്പിച്ചയാൾ ന്യൂമോണിയ ബാധിതനാണെന്നാണ് ലഭിച്ച വിവരമെന്നും അവർ വ്യക്തമാക്കി. 
 

click me!