പുറംലോകവുമായി ബന്ധമില്ലാത്ത ആമസോണ്‍ ഗോത്രവര്‍ഗത്തില്‍ ഒരാള്‍ക്ക് കൊവിഡ്; ബ്രസീലില്‍ ആശങ്ക

By Web TeamFirst Published Apr 9, 2020, 5:51 PM IST
Highlights

15 വയസ്സുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി.

ബ്രസീലിയ: പുറംലോകവുമായി ബന്ധം പുലര്‍ത്താതെ ആമസോണ്‍ മഴക്കാടുകളില്‍ കഴിയുന്ന ഗോത്രവര്‍ഗത്തില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആമസോണ്‍ മഴക്കാടുകളിലെ ആദിവാസി വിഭാഗമായ യനോമാമി വിഭാഗത്തില്‍ ഒരാള്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. 

15 വയസ്സുള്ള കുട്ടിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബോവിസ്തയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് കുട്ടി. 'യനോമാമി വിഭാഗങ്ങള്‍ക്കിടയില്‍  കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. പുറംലോകവുമായി വളരെ ചെറിയ ബന്ധം മാത്രമാണ് ഇവര്‍ക്കുള്ളത്. ഇത് ആശങ്ക ഉണ്ടാക്കുന്നു. മൂന്നിരട്ടി മുന്‍കരുതലാണ് ഈ സാഹചര്യത്തില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ എടുക്കുന്നത്'- ബ്രസീല്‍ ആരോഗ്യമന്ത്രി ലൂയിസ് ഹെന്‍ട്രിക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഇതിനോടകം തന്നെ ഏഴ് പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഗോത്രവര്‍ഗമായ കൊകാമ വിഭാഗത്തിലെ 20കാരിക്ക് ഒരാഴ്ച മുമ്പ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 300 ഗോത്രവിഭാഗങ്ങളിലായി 800,000 ജനങ്ങളാണ് ബ്രസീലില്‍ ഉള്ളത്. 20-ാം നൂറ്റാണ്ടിന്റെ പകുതി വരെ തികച്ചും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ഇവരില്‍ 1970ല്‍ അഞ്ചാംപനിയും മലേറിയയും പടര്‍ന്നുപിടിച്ചിരുന്നു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 


 

click me!